ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഇന്ത്യയിലെ ജിടി ശ്രേണി വിപുലീകരിക്കുന്നു. റിയൽമി ജിടി നിയോ 2(Realme GT neo 2) ആണ് പുതുതായി ഇന്ത്യയിലെത്തുക. ഈ മാസം 13ന് റിയൽമി ജിടി നിയോ 2 വിപണിയിലെത്തുമെന്ന് ലോഞ്ചിന് മുൻപായി റിയൽമി വെബ്സൈറ്റിൽ തയ്യാറാക്കിയ മൈക്രോസെറ്റ് വ്യക്തമാക്കുന്നു.
120Hz E4 അമോലെഡ് ഡിസ്പ്ലേയും ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറും തങ്ങളുടെ പുത്തൻ ഫോണിനുണ്ടാകും എന്ന് റിയൽമി ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ അനുസരിച്ച് 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് റിയൽമി ജിടി നിയോ 2 വിപണിയിലെത്തുക. ബ്ലാക്ക്, നിയോ ബ്ലൂ, നിയോ ഗ്രീൻ കളർ ഓപ്ഷനുകളിൽ പുത്തൻ റിയൽമി ഫോൺ വാങ്ങാം.
120Hz റിഫ്രെഷ് റേറ്റ്, 600 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഒരു സാംസങ് E4 അമോലെഡ് ഡിസ്പ്ലേയായിരിക്കും റിയൽമി ജിടി നിയോ 2ന്റെ ആകർഷണം. 15 ശതമാനം ബാറ്ററി കുറച്ച് മാത്രമേ ഈ ഡിസ്പ്ലേ ഉപയോഗിക്കൂ എന്നാണ് റിയൽമി അവകാശപ്പെടുന്നത്. മാത്രമല്ല 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ജിടി നിയോ 2ൽ ഇടം പിടിക്കുക.
64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് പുത്തൻ റിയൽമി ഹാൻഡ്സെറ്റിൽ ക്രമീകരിക്കുക. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഫോണിനുണ്ടാകും. ഏകദേശം 30,000 രൂപയ്ക്കടുത്ത് വില റിയൽമി ജിടി നിയോ 2ന് പ്രതീക്ഷിക്കാം.