ഇരിങ്ങാലക്കുട: വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി ഗുണഭോക്താകളിൽ എത്തുന്നില്ലെന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ മുജീബ് റഹ്മാൻ പറഞ്ഞു. സെറിബ്രൽ പാൾസി ദിനാചരണത്തിൻ്റെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ‘ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ പരിരക്ഷയും സർക്കാർ പദ്ധതികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാർക്ക് 1600 രൂപ പ്രതിമാസ പെൻഷൻ പദ്ധതി, കാഴ്ചയില്ലാത്ത സ്ത്രീകൾ പ്രസവിച്ചാൽ കുട്ടിക്ക് 2 വയസു വരെ 2000 രൂപ ധനസഹായം,നിരാമയ സഹായ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം,ഭിന്നശേഷിക്കാർക്കും ഭിന്നശേഷിക്കാരുടെ മക്കൾക്കുംവരുമാന പരിധിയില്ലാത്ത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പടെ നിരവധി സഹായ പദ്ധതികൾ ഭിന്നശേഷിക്കാർക്കായി സർക്കാർ നടപ്പാക്കി വരുന്നുണ്ട്.ഇത് മുഴുവൻ പേർക്കും ഉപയോഗപ്പെടുത്താൻ സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന സെറിബ്രൽ പാൾസി ദിനാചരണത്തിൽ നിപ്മർ അക്കാഡമിക് ഓഫീസർ ഡോ: വിജയലക്ഷ്മിയമ്മ അധ്യക്ഷത വഹിച്ചു.
സീനിയർ ഫിസിയാട്രിസ്റ്റ് ഡോ: എം.ആർ. സന്തോഷ് ബാബു, ഒ ക്യൂപേഷണൽ തെറാപി കോളെജ് പ്രിൻസിപ്പൽ ദീപ സുന്ദരേശൻ, ഫിസിയാട്രിസ്റ്റ് ഡോ: സിന്ധു വിജയകുമാർ, ഡെവലപ്മെൻ്റ് പീഡിയാട്രിക് ഡോ: നിമ്മി ജോസഫ്, ആർഎംഒ ബെബറ്റോ തിമോത്തി, ഡി എഡ് ഓട്ടിസം കോഡിനേറ്റർ റീജ ഉദയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
സ്പെഷ്യൽ ട്രാൻസിഷൻ സ്കൂൾ എഡ്യൂക്കേറ്റർ ഇൻ ചാർജ് അനു അഗസ്റ്റിൻ സ്വാഗതവും എലിസബത്ത് ഷേളി നന്ദിയും ആശംസിച്ചു.