കുടിയേറ്റത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും പ്രവാസത്തിന്റെയും പീഡകളാവിഷ്ക്കരിച്ച ടാൻസാനിയൻ നോവലിസ്റ്റ്, അബ്ദുൾ റസാക്ക് ഗുർനയ്ക്കാണ് ഇക്കൊല്ലത്തെ സാഹിത്യനൊബേൽ. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്ന, ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചിരുന്ന, കോളനിയനന്തരസാഹിത്യത്തിൽ വിശേഷതാൽപ്പര്യം പുലർത്തുന്ന നോവലിസ്റ്റാണ് ഗുർന.
സമാനമായ സാംസ്കാരിക പശ്ചാത്തലമുള്ള സൽമാൻ റുഷ്ദിയുടെയും വി.എസ്. നയ്പോളിന്റെയും സാഹിത്യജീവിതത്തിൽ ദത്തശ്രദ്ധൻ. തന്റെ പതിനെട്ടാം വയസ്സിൽ, വംശീയ വിരോധത്തെത്തുടർന്ന് ജന്മനാടായ ടാൻസാനിയയിലെ സാൻസിബാർ ദ്വീപസമൂഹത്തിൽ നിന്ന് പലായനം ചെയ്ത് ഇംഗ്ലണ്ടിൽ കുടിയേറിയ ഗുർന തുടർന്ന് അവിടെ നിന്ന് ഇംഗ്ലിഷ് സാഹിത്യം പഠിക്കുകയും അവിടെത്തന്നെ താമസമുറപ്പിക്കുകയും വിവാഹിതനാവുകയും കെൻറ് സർവ്വകലാശാലയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
1994 ൽ പ്രസിദ്ധീകരിച്ച ‘പറുദീസ’ (Paradise)ആണ് ഏറ്റവും ശ്രദ്ധ നേടിയ നോവൽ.പിതാവിനു വീട്ടാൻ കഴിയാത്ത കടത്തിനു പകരമായി വിൽക്കപ്പെട്ട് കിഴക്കനാഫ്രിക്കയിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് ഒന്നാം ലോകമഹായുദ്ധകാലത്തെ ആഫ്രിക്കൻ നഗരത്തിന്റെ വംശീയസങ്കീർണ്ണതകളിലെത്തിപ്പെട്ട ‘യൂസുഫ്’ എന്ന ബാലന്റെ മുതിർച്ചയുടെയും പരാജയപ്പെട്ട പ്രണയത്തിന്റെയും കഥയായിരുന്നു’പറുദീസ’; ഒപ്പം കോളനീകരണം എന്ന യാതനാവഹമായ അനുഭവത്തിന്റെയും(പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, നിരന്തരമായി നിരവധി യൂറോപ്യൻ രാജ്യങ്ങളാൽ കോള നീകരിക്കപ്പെട്ട, പല ഭാഷകളും സംസ്കാരങ്ങളും വംശങ്ങളും പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന, അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു നോവലിസ്റ്റിന്റെ ജന്മദേശമായ സാൻസിബാർ).
‘ വേർപാടിന്റെ ഓർമ്മ ‘ (Memory of Departure,1987),’ തീർത്ഥാടക പാത'(Pilgrims Way,1988),’ കടലോരത്ത്'(By the Sea,2001),’ ‘ഒഴിഞ്ഞു പോക്ക്'(Desertion,2005) എന്നിങ്ങനെ പത്തു നോവലുകൾ. അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും സാംസ്കാരികമായ ഉഭയാവസ്ഥയാണ് ഈനോവലുകളുടെയെല്ലാം കേന്ദ്രപ്രമേയം. സ്വദേശത്തെയും ഉറ്റവരെയും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടി വരികയും ആ നഷ്ടദേശത്തെ ഒരു ഗൃഹാതുരഭാരമായി തന്നോടൊപ്പം ആജീവനാന്തം പേറിക്കൊണ്ടു നടക്കുകയും താൻ എത്തിപ്പെട്ട അന്യസംസ്കാരപരിതോവസ്ഥയിൽ നിത്യവും അപരിഹാര്യവുമായ അന്യത്വം അനുഭവിക്കുകയും ചെയ്യുന്നവരാണ് ഗുർനയുടെ പ്രധാനകഥാപാത്രങ്ങൾ.
‘Admiring Silence’ എന്ന മറ്റൊരു നോവൽശീർഷകം സൂചിപ്പിക്കുന്നതു പോലെ മൗനത്താൽ സ്വത്വത്തെയും ഭൂതകാലത്തെയും ആച്ഛാദനം ചെയ്യുന്നവർ, കെട്ടിച്ചമച്ച ഭൂതകാലവുമായി പരസ്യ ജീവിതം നയിക്കേണ്ടി വരുന്നവർ, നിജമായ ഭൂതകാലത്തെ വിസ്മരിക്കാനും ആർജ്ജിത സ്വത്വവുമായി ണങ്ങാനുമാവാതെ നെടുകേ പിളർന്നു പോയവർ, സ്വത്വത്തെ നിരന്തരമായി പുതുക്കുകയും പുനർനിർവ്വചിക്കുകയും ചെയ്യേണ്ടിവരുന്നവർ. സാംസ്ക്കാരികവും പൗരത്വപരവുമായ സ്വത്വസ്ഥൈര്യമവകാശപ്പെടുന്ന സ്വദേശികളെ നിരന്തരമായി തങ്ങളുടെ അപരത്വമുപയോഗിച്ച് അസ്ഥിരപ്പെടുത്തിക്കൊണ്ടു മാത്രമേ അവർക്ക് അതിജീവിക്കാനാവൂ.ഈ വിധമുള്ള അപരത്വത്തിന്റെ ആഖ്യാനമാണ് ഗുർനയുടെ നോവലുകൾ എന്നു വേണമെങ്കിൽ സംഗ്രഹിക്കാം.
ഭാവനയാൽ പണിത സ്വദേശങ്ങൾ(Imaginary Homelands) എന്ന് റുഷ്ദി വിശേഷിപ്പിച്ച ഇല്ലാത്ത ഇടങ്ങളിൽ പാർക്കുകയും നിത്യമായ പ്രവാസപീ ഡയും അന്യത്വവും സ്വത്വശൈഥില്യവും അനുഭവിക്കുകയും ചെയ്യേണ്ടി വരിക എന്ന കോളനിയനന്തരഅവസ്ഥയെയാണ് അദ്ദേഹം നിരന്തരമായി കഥനവൽക്കരിച്ചു കൊണ്ടിരിക്കുന്നത്.ആത്മകഥാപരം എന്നതിനേക്കാൾ ഒരു രാഷ്ട്രീയാവസ്ഥയുടെ ആഖ്യാനമാണത്. ആ അവസ്ഥയെയാണ് നമ്മൾ കോളനിയനന്തര(post-colonial)അവസ്ഥ എന്നു വിശേഷിപ്പിക്കുന്നത്. അതിന്റെ ഉപോല്പന്നമാകുന്നു’ ഡയസ്പ്പോറ’ എന്ന പേരിൽ വിവരിക്കപ്പെടുന്ന, പുറപ്പാടിന്റെയും എത്തിച്ചേരലിന്റെയും ഇടമില്ലായ്മയുടെയും സാംസ്കാരിക സംഘർഷത്തിന്റെയും സ്വത്വ നഷ്ടത്തിന്റെയും സാഹിത്യം . റുഷ്ദിയും ഗുർനയുമെല്ലാം പരസ്പരം പങ്കിടുന്ന പൊതു ഭാഗധേയമാണത്.
ഒരേ തൂവൽപ്പക്ഷികളെന്നോണം ഗുർന, റുഷ്ദിയെപ്പോലുള്ള എഴുത്തുകാരെ കാണുകയും പഠിക്കുകയും ചെയ്തു വരുന്നതിന്റെ സാംസ്കാരികയുക്തി യുമതാണ്. ഒപ്പം, സോയിങ്കയും എൻ ഗൂഗി വാ തിയോംഗോയും ഉൾപ്പെടുന്ന ആഫ്രിക്കൻസാഹിത്യത്തെയും അദ്ദേഹം തുല്യശ്രദ്ധയോടു കൂടി പഠനവിധേയമാക്കുന്നു. സ്വാഹിലി, മാതൃഭാഷയായ ഗുർന ഇംഗ്ലിഷിലെഴുതുകയും അതിലേയ്ക്ക് തന്റെ അറബ്സാഹിത്യപൈതൃകം മുതൽക്കൂട്ടുകയും ചെയ്യുന്നു(അറബിക്കഥകളാലും വി.ഖുർ ആനി നാലും പ്രചോദിതനാണ് ഈ എഴുത്തുകാരൻ എന്നു പറയപ്പെടുന്നു).ആ അർത്ഥത്തിൽ, റുഷ്ദിയെപ്പോലെ ഇന്ത്യയിലും പാകിസ്താനിലും വേരുകളുള്ള, ഇംഗ്ലണ്ടിൽ ജീവിക്കുകയും ഇംഗ്ലീഷിൽ എഴുതുകയും ചെയ്യുന്ന കോളനിയന്തര എഴുത്തുകാർക്കു കൂടിയുള്ള അംഗീകാരമാണ് അബ്ദുൾ റസാക്ക് ഗുർനയുടെ സാഹിത്യനൊബേൽലബ്ധി. ആഫ്രിക്കയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് പറിച്ചു നടപ്പെട്ട, കറുത്ത അറബ് സ്വത്വമുള്ള നൊബേൽജേതാവ് എന്ന നിലയിൽ വൊളെ സോയിങ്കയുടെയും ഡോറിസ് ലെസ്സിങ്ങിന്റെയും പിൻഗാമി.
കടപ്പാട്; ദേശാഭിമാനി ദിനപത്രം