ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരിൽ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആശിഷ് മിശ്ര ഇപ്പോള്‍ എവിടെയാണുള്ളതെന്ന് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആശിഷ് മിശ്ര ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്ളതായാണ് ഒടുവില്‍ ലഭിച്ച വിവരം.
ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 10 മണിക്ക് ഹാജരാകാനാണ് യുപി പോലീസ് ആശിഷ് മിശ്രയോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു പി പോലീസ് ആശിഷിന്റെ വീട്ടില്‍ സമന്‍സ് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശിഷ് പോലീസിന് മുന്നില്‍ ഹാജരായിട്ടില്ല. അതേസമയം, ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രാ രാജിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.
ലഖിംപൂര്‍ സംഘര്‍ഷം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ യു പി സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ആശിഷ് മിശ്രയുടെ അടുത്ത അനുയായികളായ ലവ് കുശ, ആഷിഷ് പാണ്ഡെ എന്നിവര്‍ അറസ്റ്റിലായതായി യു പി പോലീസ് അറിയിച്ചു.