മുംബൈ;മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്. ഇന്ന് രാവിലെ 11 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക.
ആര്യനെ കസ്റ്റഡിയിൽ വേണമെന്ന എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യാനായി എൻസിബിക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്ന് കോടതി വിലയിരുത്തി.ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കപ്പലിലെ പാർട്ടി സംഘടിപ്പിച്ചവർ ഉൾപ്പെടെ 17 പേർ ഇതുവരെ അറസ്റ്റിലായെന്ന് എൻസിബി അറിയിച്ചു. അറസ്റ്റിലായവരിൽ വിദേശ പൗരനും ഉൾപ്പെടും.കേസിലെ പുതിയ അറസ്റ്റുകൾ അന്വേഷണത്തിലെ വഴിത്തിരിവാണെന്നും എൻസിബി കോടതിയെ അറിയിച്ചു.
ഏറ്റവും ഒടുവിൽ അറസ്റ്റിലായ അഞ്ചിത് കുമാർ ആര്യൻ ഖാന് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ഒരു വിദേശ പൗരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി.