ഷാര്‍ജ: ഐ.പി.എല്ലില്‍ രാജസ്ഥാനെ 86 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 16.1 ഓവറില്‍ 85 റണ്‍സിന് ഓള്‍ഔട്ടായി.
36 പന്തില്‍ നിന്ന് 2 സിക്സും 5 ഫോറുമടക്കം 44 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ മാത്രമാണ് രാജസ്ഥാന് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ (0) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ സഞ്ജു സാംസണും (1) മടങ്ങി. പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണു.
ലിയാം ലിവിങ്സ്റ്റണ് (6), അനുജ് റാവത്ത് (0), ഗ്ലെന്‍ ഫിലിപ്പ് (8), ശിവം ദുബെ (18), ക്രിസ് മോറിസ് (0) തുടങ്ങിയവരെല്ലാം തന്നെ തികഞ്ഞ പരാജയമായി.
കൊല്‍ക്കത്തയ്ക്കായി ശിവം മാവി നാലും ലോക്കി ഫെര്ഗൂസന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറിൽ 171 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ശുബ്മാൻ ഗില്ലും 38 റൺസെടുത്ത വെങ്കിടേഷ് അയ്യറുമാണ് കൊൽക്കത്ത നിരയിൽ തിളങ്ങിയത്. രണ്ട് സിക്സും നാല് ഫോറുമടക്കം ശുഭ്മാൻ ഗിൽ 56 റൺസ് എടുത്തു.
രാജസ്ഥാന് വേണ്ടി ക്രിസ് മോറിസും ചേതൻ സകറിയയും രാഹുൽ തിവാട്ടിയയും ഗ്ലേൻ ഫിലിപ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.