ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് കേന്ദ്രം. പ്രതിദിനം ഇരുപതിനായിരം കേസുകള്‍ വരെയാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും കോവിഡ് വെല്ലുവിളി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ 50 ശതമാനവും കേരളത്തിലാണ്. നിലവില്‍ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മിസോറാം, കര്‍ണാടക എന്നിവിടങ്ങളിലാണ് ആയിരത്തിലധികം സജീവ കേസുകളുള്ളത്. 12 സംസ്ഥാനങ്ങളില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്റെ ശരാശരി അഞ്ച് മുതല്‍ പത്ത് ശതമാനത്തിന് ഇടയിലാണ്.
നിലവില്‍ രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക് 1.6 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉത്സവകാല ആഘോഷങ്ങളില്‍ കോവിഡ് പ്രോട്ടോക്കോല്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ പരിമിതപ്പെടുത്തണമെന്നും ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.