ദിസ്പുർ; രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശിപ്പിക്കുന്നതിനിടെ കടിയേറ്റ 60 കാരൻ മരിച്ചു. അസമിലെ ധേലെ രാജ്നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലാണ് ദാരുണസംഭവം ഉണ്ടായത്. പാമ്പിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്ന് പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 60കാരനായ രഘുനന്ദന് ഭൂമിജിനെ രക്ഷിക്കാനായില്ല.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഭൂമിജ് രാജവെമ്പാലയെ പിടികൂടുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച രാജവെമ്പാലയെ കഴുത്തില്‍ ചുറ്റിയ ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നാട്ടുകാര്‍ ഈ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പാമ്പിന്റെ കഴുത്തില്‍ പിടികൂടിയ ഭൂമിജ് പാമ്പിനെ വീണ്ടും വീണ്ടും തന്റെ കഴുത്തിലൂടെ ചുറ്റിയിടുന്നത് വീഡിയോയില്‍ കാണാം.
അതിനിടെ പെട്ടെന്ന് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ അടുത്തുള്ള സിൽചാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.