ന്യൂഡൽഹി;പാരിസ്ഥിതിക വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കാമെന്ന് സുപ്രീം കോടതി. മുംബൈ കോർപ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂലുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിലെ ക്വാറി ഉടമകൾക്ക് കൂടി ബാധകമാകുന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്കരണത്തിനെതിരെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്. കത്തുകൾ, മാധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിൽ ജനവാസ മേഖലയിൽനിന്ന് ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയത് ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലൂടെയാണ്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നതോടെ ക്വാറിയുടെ ദൂരപരിധി 200 മീറ്ററായി തന്നെ തുടരും.