മനാമ: ബി-അവെയർ ആപ്പിൽ ഷീൽഡിൻ്റെ നിറം പച്ചയിൽനിന്ന് മഞ്ഞയാകുബോൾ പ്രയാസത്തിലാകുന്നത് നാട്ടിൽനിന്ന് വരാനിരിക്കുന്ന യാത്രക്കാർ. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച് പച്ച ഷീൽഡ് ലഭിക്കുന്നവർക്കാണ് 10 ദിവസത്തെ ക്വാറൻറീനിലും നാട്ടിൽനിന്നുള്ള പി.സി.ആർ ടെസ്റ്റിലും ഇളവുള്ളത്. എന്നാൽ, ഷീൽഡ് മഞ്ഞയാകുബോൾ ക്വാറൻറീൻ വേണ്ടിവരുമോ എന്നാണ് നാട്ടിൽനിന്ന് വരാനിരിക്കുന്നവരുടെ ആശങ്ക.
ഷീൽഡ് മഞ്ഞയാണെങ്കിൽ ക്വാറൻറീനുള്ള ഹോട്ടൽ ബുക്കിങ് വേണമെന്ന് ഗൾഫ് എയറും എമിറേറ്റ്സും ഉൾപ്പെടെ എയർലൈൻസുകൾ നിർബന്ധം പിടിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായതുകൊണ്ട് ഇവർ ബഹ്റൈനിൽ എത്തുബോൾ ക്വാറൻറീനിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു.
ഇങ്ങനെയുള്ള യാത്രക്കാർക്ക് ചില ഹോട്ടലുകാർ കാൻസലേഷൻ ചാർജ് ഈടാക്കി ബാക്കി തുക തിരിച്ചുനൽകുന്നുണ്ട്. അതേസമയം, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഹോട്ടൽ ബുക്കിങ് ഇല്ലാതെതന്നെ യാത്രക്കാരെ കൊണ്ടുവരുന്നുണ്ടെന്ന് ഫസലുൽ ഹഖ് പറഞ്ഞു. ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സൂചനയായി ഷീൽഡ് മഞ്ഞയായ ചില യാത്രക്കാരെ ഹോട്ടൽ ബുക്കിങ് ഇല്ലാത്തതിൻ്റെ പേരിൽ നാട്ടിലെ വിമാനത്താവളത്തിൽനിന്ന് കയറ്റിവിടാത്ത പ്രശ്നം സാമൂഹിക പ്രവർത്തകർ ഇടപെട്ട് പരിഹരിച്ചിട്ടുമുണ്ട്.
ഇത്തരം യാത്രക്കാർ യാത്ര പുറപ്പെടുന്നതിനുമുമ്പ് തങ്ങളെ ബന്ധപ്പെട്ടാൽ വേണ്ട സഹായം നൽകാമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞ ഷീൽഡുള്ളവർ നാട്ടിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.