ഫ്രൈഡേ ഫിലിംസിൻ്റെ നിർമാണത്തിൽ ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തിയ ചിത്രം ‘ഹോം’ ഹിന്ദിയിൽ റീമേക്കിനൊരുങ്ങുന്നു. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.
വിദ്യാബാലൻ നായികയായ ഷെർണി, ശകുന്തള ദേവി, എയർലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂർ, ബ്രീത്,ബ്രീത് ഇൻടു ദി ഷാഡോസ് തുടങ്ങിയ പ്രോജക്ടുകൾ നിർമിച്ചത് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് ആണ്. വിജയ് ബാബു നിർമിച്ച അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനിയാണ‘ഹോം പോലുള്ള മനോഹമായതും പ്രസക്തവുമായ ഒരു സിനിമ പുനർനിർമ്മിക്കാനുള്ള അവസരത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ന് നമ്മൾ ജീവിക്കുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവും രസകരവുമായ പ്രസ്താവനയാണ് ഈ സിനിമ.
അബൻടൻഷ്യ എന്റർടെയ്ൻമെന്റ് എല്ലായ്പ്പോഴും അർഥവത്തായ കഥ പറയുന്നതിലും ഹൃദയസ്പർശിയായ വിനോദവുമായി സംയോജിപ്പിക്കുന്നതിൽ വിശ്വസിക്കുന്നു.ഹോമിന്റെ ഹിന്ദി റീമേക്കും ആ യാത്രയുടെ മറ്റൊരു ഘട്ടമാണ്. ഫ്രൈഡേ ഫിലിം ഹൗസിൽ ഞങ്ങളുടെ കാഴ്ചപ്പാടും സംവേദക്ഷമതയും പങ്കിടുന്ന സഹകാരികളുണ്ട്. അങ്കമാലി ഡയറീസിന്റെ പുനർനിർമാണത്തിന് ശേഷം അവരുമായി വീണ്ടും കൈകോർക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.’ എന്ന് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് സ്ഥാപകനും സിഇഒയുമായ വിക്രം മൽഹോത്ര പറഞ്ഞു.
‘ഹോം ബന്ധങ്ങളെക്കുറിച്ചും ഡിജിറ്റൽ യുഗത്തിൽ അവ എങ്ങനെ വികസിക്കുന്നുവെന്നും സംസാരിക്കുന്നു. ഇത് ഒരു സാർവത്രിക വിഷയമാണ്. ഈ സിനിമ ഇപ്പോൾ ഹിന്ദി റിമേക്കിലൂടെ പാൻ –ഇന്ത്യ പ്രേക്ഷകർക്ക് കൂടി ആസ്വദിക്കാൻ ആകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിൽ അബൻടൻഷ്യ എന്റർടെയ്ൻമെന്റ് സഹകരിച്ചിതിനാൽ ഞങ്ങളുടെ സിനിമയെ പുതിയ. ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ കഴിവിൽ ഞങ്ങൾ വിശ്വസിക്കുന്നു. വിക്രമിനോടും സംഘത്തോടും വീണ്ടും പങ്കുചേരുന്നതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു.’– വിജയ് ബാബു പറഞ്ഞു.
ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്.