തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെയും പിതാവിനെയും മോഷണകുറ്റം ആരോപിച്ച് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് എസ്.സി കമ്മീഷന്. പൊതുജനങ്ങളുമായി നേരിട്ട് ഇടപ്പെടേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും യൂണിഫോം ഇട്ടുള്ള ജോലികളില്‍ നിന്നും വനിതാ ഉദ്യോഗസ്ഥയെ ഒഴിവാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊത്തം അപമാനകരമാണെന്നും കമ്മീഷന് വിലയിരുത്തി.
കഴിഞ്ഞ ഓഗസ്റ്റിലാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി.പി രജിത തോന്നക്കൽ സ്വദേശി ജയചന്ദ്രനേയും മകളേയും മൊബൈൽ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചത്. തന്റെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചാണ് രജിത അച്ഛനേയും മകളേയും പരസ്യമായി വിചാരണ ചെയ്തത്. ജനമധ്യത്തിൽ ജയചന്ദ്രനേയും മകളേയും അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിനെത്തുടർന്ന് രജിതയെ റൂറൽ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.
എന്നാൽ തങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥക്കെതിരെ കനത്ത നടപടി വേണമെന്നാണ് ജയചന്ദ്രന്റേയും കുടുംബത്തിന്റേയും ആവശ്യം.