തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ (P V Anvar) നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി എംഎൽഎ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു.
ധാർമ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വി ഡി സതീശനെന്നും പി.വി.അൻവർ ആരോപിച്ചു. ജനങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ജനങ്ങളുടെ ബാധ്യത നിറവേറ്റുന്നുണ്ട്. ഇക്കാര്യത്തിൽ സതീശന്റെ ഉപദേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം.
വയനാട് നിന്ന് ജയിച്ചുപോയ നിങ്ങളുടെ നേതാവ് രാഹുൽഗാന്ധി എം.പി എവിടെയാണെന്നും അദ്ദേഹം വിദേശത്ത് പോകുമ്പോൾ ഇൻറലിജൻറ്സിന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരുകാലത്തും നിയമസഭയിൽ എത്തരുതെന്ന് കരുതി പ്രവർത്തിച്ചവർ ഇപ്പോൾ താൻ ചെല്ലാത്തതിൽ സങ്കടപ്പെടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സ്വന്തം ഗുരുവിനെ തള്ളി പ്രതിപക്ഷ നേതാവായ സതീശൻ തന്നെ കാര്യങ്ങൾ പഠിപ്പിക്കേണ്ടെന്നും എം.എൽ.എ പറഞ്ഞു.
പി.വി അൻവറിന് ജനപ്രതിനിധിയായി ഇരിക്കാൻ ആവില്ലെങ്കിൽ രാജിവെക്കണമെന്നും ബിസിനസ് നടത്താൻ അല്ലല്ലോ ജനപ്രതിനിധി ആക്കിയതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു. സഭയിലെ അസാന്നിധ്യം – റൂൾസ് ഓഫ് പ്രൊസീഡർ പരിശോധിച്ചു നടപടികൾ സ്വീകരിക്കണമെന്നും എൽ.ഡി.എഫും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലും ഹാജരാകാതെ വ്യവസായ ആവശ്യങ്ങൾക്കായി വിദേശത്തേക്കു പോയ അൻവറിന്റെ നിലപാട് ഏറെ വിമർശനവിധേയമായിരുന്നു. അവധി അപേക്ഷ നൽകാതെയാണു പി.വി. അൻവർ ഹാജരാകാതിരിക്കുന്നത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpvanvar%2Fvideos%2F353182283261033%2F&show_text=false&width=560&t=0