തിരുവനന്തപുരം: കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം. സിപിഐ സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള പോരിനെ തുടർന്നാണിത്. കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന തരത്തില്‍ മഹിളാ ഫെഡറേഷന് നേതാവ് ആനിരാജയും അതിനെ പിന്തുണച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയും നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാന ഘടകത്തിന്റെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയിരുന്നു. ബിനോയ് ഇതു നിര്‍വഹിച്ചില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രസ്താവനകളില്‍ സംസ്ഥാന ഘടകത്തിന്റെ അതൃപ്തി തന്നെ അറിയിച്ചിട്ടില്ലെന്നാണ് ജനറല്‍ സെക്രട്ടറി ഡി രാജ ഇന്നലെ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് വാര്‍ത്തകളില്‍ കണ്ട അറിവു മാത്രമേയുള്ളൂവെന്നും രാജ വ്യക്തമാക്കി. കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്നു സംശയിക്കുന്നതായി മാധ്യമങ്ങളോടു പറഞ്ഞ പാര്‍ട്ടി നേതാവ് ആനി രാജയാണ് വിവാദത്തിനു തിരി കൊളുത്തിയത്.
സിപിഐ സംസ്ഥാന ഘടകം ഇതിനെതിരെ രംഗത്തുവന്നു. സംസ്ഥാനത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന ഘടകത്തോട് ആലോചിക്കണമെന്ന കീഴ്വഴക്കം മറികടന്നാണ് ആനിരാജയുടെ പ്രസ്താവന എന്നായിരുന്നു വിമര്‍ശനം. കേരളത്തിലെ പോലീസിനെപ്പറ്റി സിപിഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയിട്ടും ആനി രാജയെ അനുകൂലിക്കുന്ന പ്രതികരണമാണ് ഡി രാജയില്‍നിന്നുണ്ടായത്. കഴിഞ്ഞ ഒന്പതിനു ചേര്‍ന്ന നിര്‍വാഹക സമിതിയില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയില്‍ അതൃപ്തി അറിയിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിനായി ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടു മാധ്യമമങ്ങളോടു പ്രതികരിക്കുന്നതിനിടയിലാണ് ആനി രാജ പോലീസിനെ വിമര്‍ശിച്ചത്.