ലക്നൗ: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് പഞ്ചാബ്, ചത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിനും 50 ലക്ഷം നല്‍കും. പഞ്ചാബ് ജനത കര്‍ഷകരുടെ വേദനക്കൊപ്പമാണെന്ന് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി പറഞ്ഞു. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് സഹായം പ്രഖ്യാപിച്ചത് ലഖ്നൗ എയര്‍പോര്‍ട്ടില്‍ വച്ചാണ്.
ഇതിനിടെ, ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ലക്നൗവില്‍ നിന്ന് യാത്രതിരിച്ചു. സീതാപൂരില്‍ എത്തി പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്നാകും ലഖിംപൂരിലേക്ക് പോകുക. പ്രിയങ്കയ്ക്കും ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനത്തിലാണ് രാഹുലിന്റെയാത്ര.
പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും രാഹുലിനൊപ്പമുണ്ട്. പോലീസ് വാഹനത്തില്‍ രഖിംപൂരിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി ഉത്തരപ്രദേശ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. ഡല്‍ഹിയിലെത്തിയ കേന്ദ്രസഹമന്ത്രി അജയ് മിശ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.