ദുബായ്: ധോനിയുടെ ഐപിഎല്ലിലെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഈ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന അഭ്യൂഹമുണ്ട്. തന്നോട് ഗുഡ്ബൈ പറയാന്‍ ആരാധകര്‍ക്ക് ഉറപ്പായും അവസരം ലഭിക്കും എന്ന് പറയുകയാണ് ധോനി.
നിങ്ങള്‍ക്ക് വന്ന് ഞാന്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്നത് കാണാം. അതാവാം എന്റെ വിടവാങ്ങല്‍ മത്സരം. എന്നോട് ഗുഡ്ബൈ പറയാന്‍ അതിലൂടെ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ചെന്നൈയില്‍ എത്താന്‍ കഴിയുമെന്നും അവിടെ വെച്ച് എന്റെ അവസാന മത്സരം കളിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്, ഇന്ത്യ സിമന്റ്സിന്റെ 75ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധോനി.
പദ്ധതികള്‍ തയ്യാറാക്കി അതുമായി മുന്പോട്ട് പോകുന്ന ടീമാണ് ചെന്നൈ. പദ്ധതികള്‍ നന്നായി നടപ്പിലാക്കിയാല്‍, ചെറിയ കാര്യങ്ങള്‍ പോലും നന്നായി ചെയ്യാനായാല്‍ അതിന്റെ ഫലം ലഭിക്കും. ഈ നിമിഷത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളുടെ കഴിവിന് അനുസരിച്ച് കളിച്ചാല്‍ ഏതൊരു ടീമിനേയും ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനാവും. എതിരാളികള്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കണം എങ്കില്‍ അവര്‍ക്ക് വളരെ നന്നായി കളിക്കണം എന്ന് ധോനി പറഞ്ഞു.
ഇതിനിടെ ധോനിക്ക് നേരെ ക്രിക്കറ്റിന് ശേഷം ബോളിവുഡിലേക്ക് എത്തുമോ എന്ന ചോദ്യമെത്തി. എന്നാല്‍ ബോളിവുഡ് തനിക്ക് ചേര്‍ന്ന ഇടമല്ലെന്നും,പരസ്യങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് സന്തോഷമാണെന്നും, എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ അത് വളരെ പ്രയാസമുള്ള ജോലിയാണെന്നും, താൻ ക്രിക്കറ്റിനോട് ചേര്‍ന്ന് തന്നെ നില്ക്കും എന്നും ധോനി പറഞ്ഞു.