കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. പത്ത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉള്‍പ്പെടുത്തിയതായാണ് ഡിജിപിയുടെ(DGP) ഉത്തരവ്. കൊച്ചി സൈബര്‍ സ്റ്റേഷന് എസ്എച്ച് ഓയും സംഘത്തിലുണ്ട്(Cyber Police). മോന്‍സന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം വിശദമായി പരിശോധിക്കും.
അതേസമയം, മോൻസൺ മാവുങ്കൽ ഒക്ടോബർ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ തുടരും. പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.