12 വർഷത്തിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. ‘എലോൺ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ഷാജിയുടെ നായകന്മാര് എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന് എല്ലായിപ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും’ എന്ന് ടൈറ്റിൽ പ്രഖ്യാപന വേളയിൽ മോഹന്‍ലാൽ പറഞ്ഞു. സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.
2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ സിനിമ. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലൂടെയാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ചിത്രം വൻവിജയമായി മാറി. 2000ൽ നരസിംഹത്തിലുടെ കൂട്ടുകെട്ട് വീണ്ടും ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലി ഭായ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F231185022379162%2F&show_text=0&width=560
ആശീർവാദ് സിനിമാസിന്റെ 30ാം ചിത്രമായ എലോണിന് രാജേഷ് ജയറാമാണ് തിരക്കഥ ഒരുക്കുന്നത്. ഷാജിയുടെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകളുടെയും രചന രാജേഷ് ജയറാമായിരുന്നു. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്യും എഡിറ്റിങ് ഡോൺമാക്സും നിർവഹിക്കുന്നു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ‘കടുവ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. എന്നാൽ കോവിഡ് രണ്ടാംതരംഗത്ത തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു. ഒരുപക്ഷേ കടുവക്ക് മുമ്പായി എലോൺ ആയിരിക്കും പ്രേക്ഷകരിലേക്ക് ആദ്യം എത്തുക.
നിരവധി ചിത്രങ്ങളാണ് മോഹൻലാലിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രിയദര്‍ശന്റെ ബിഗ്ബജറ്റ് ചിത്രം മരക്കാരും ബി. ഉണ്ണികൃഷ്ണന്റെ ആറാട്ടും റിലീസ് കാത്ത് നിൽക്കുകയാണ്.