പ്രമുഖ ഗായകൻ വി കെ ശശിധരൻ അന്തരിച്ചു.ഒരു സാംസ്കാരിക പ്രവർത്തകൻ കൂടിയായ ഇദ്ദേഹം വി.കെ.എസ് എന്ന പേരിൽ അറിയപ്പെടുന്നു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു.
1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി.
1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരൻ വി.കെ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട്.