ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി. കോവിഡും ഇംഗ്ലണ്ടിലെ ക്വാറന്റീന് നിബന്ധനയും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റം. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച് എത്തുന്നവര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടി വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോവിഷീല്‍ഡിനെ ബ്രിട്ടന് അംഗീകൃത വാക്സിന് പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കോവിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല എന്ന നിലപാട് ബ്രിട്ടന് തുടര്‍ന്നു. ഇതിന് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്കി.
ഇന്ത്യയില്‍ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ഇന്ത്യ പ്രഖ്യാപിച്ചു. അതിനിടെ, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍ ലോകകപ്പില്‍ നിന്ന് ബ്രിട്ടന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം പങ്കെടുക്കുന്നില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.