സ്വീഡന്: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം (2021 Nobel Prize for Physics) മൂന്ന് പേര്‍ക്ക്. കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. സ്യൂകുറോ മനാബെ(Syukuro Manabe), ക്ലൗസ് ഹാസ്സില്‍മാന്‍ (Klaus Hasselmann), ജിയോര്‍ജിയോ പരീസി (Giorgio Parisi ) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
ആഗോളതാപനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് നോബേല്‍ ലഭിക്കുന്നത്. നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ പകുതി സ്യുകൂറോ മനാബെ, ക്ലൗസ് ഹാസ്സില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പാരിസിക്കാണ് ലഭിക്കുക.
ഭൗമകാലാവസ്ഥ ആഴത്തിൽ മനസിലാക്കുക വഴി, കാലാവസ്ഥയെ മനുഷ്യപ്രവർത്തനങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് മനാബയും ഹാസിൽമാനും. അതേസമയം, ക്രമമില്ലാത്ത പദാർഥങ്ങളും ആക്സ്മിക പ്രക്രിയകളും അടങ്ങിയ സങ്കീർണ്ണതകൾ അടുത്തറിയാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷകനാണ് പരീസി.
സങ്കീർണ്ണ പ്രക്രിയകളുടെ മുഖമുദ്രയാണ് ആകസ്മികതകളും ക്രമമില്ലായ്മയും. ഇങ്ങനെയുള്ള പ്രക്രിയകൾ മനസിലാക്കിയെടുക്കുക വലിയ ബുദ്ധിമുട്ടാണ്. ഇത്തരം സംഗതികളെ ശാസ്ത്രീയമായി വിശദീകരിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ പ്രവചനം സാധ്യമാക്കാനുമുള്ള നവീന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് നൊബേൽ ജേതാക്കൾ ചെയ്തത്.
ജപ്പാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബെ, ടോക്യോ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവില്‍ യു.എസ്.എ.യിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സീനിയര്‍ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം.
ജര്‍മനിയിലെ ഹാംബര്‍ഗ്ഗില്‍ 1931 ല്‍ ജനിച്ച ക്ലൗസ് ഹാസ്സില്‍മാന്‍, ജര്‍മനിയിലെ ഗോട്ടിങാം സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടി. നിലവില്‍ ഹാംബര്‍ഗ്ഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയില്‍ പ്രൊഫസറാണ്. കാലാവസ്ഥയെ മനുഷ്യന്റെ ഇടപെടലുകള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് ക്ലൗസ് ഹാസ്സല്‍മാന്‍.
ഇറ്റലിയിലെ റോമില്‍ 1948 ല്‍ ജനിച്ച പരീസി, റോമിലെ സാപിയന്‍സ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍, അതേ സര്‍വകലാശാലയിലെ പ്രൊഫസറാണ്.