കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ് അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് യുഎഇയില്‍ ആരംഭിക്കുകയാണ്. ഈ മാസം 17നാണ് ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കുട്ടിക്രിക്കറ്റ് പൂരം എത്തുന്നത്. ഇന്ത്യയും പാകിസ്താനും ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും ഒരു ഗ്രൂപ്പിലും ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവര്‍ മറ്റൊരു ഗ്രൂപ്പിലുമാണ്. ഇന്ത്യയുടെ ആദ്യ പോരാട്ടം പാകിസ്താനെതിരെയാണ്.രാഷ്ട്രീയ ഭിന്നതയെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ ഏറെ നാളുകളായി പരമ്പരകള്‍ കളിക്കാറില്ല. അതിനാല്‍ത്തന്നെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം മത്സരത്തെ കാത്തിരിക്കുന്നത്. ഈ മാസം 24നാണ് ആവേശ മത്സരം. ഇതിനോടകം പലരും ഇന്ത്യ-പാക് മത്സരത്തിന്റെ പ്രവചനങ്ങളും വിലയിരുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ പാകിസ്താന് പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് ഇന്ത്യന്‍ ടീമിനെ പ്രകോപിക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ടീം പാകിസ്താനുമായി പരമ്പര കളിക്കാത്തതിന് കാരണം ഇന്ത്യക്ക് പാകിസ്താന്റെ അത്ര കരുത്തില്ലാത്തതിനാലും ഭയമായതിനാലുമാണെന്നാണ് റസാഖ് അഭിപ്രായപ്പെട്ടത്. ‘ഇന്ത്യക്ക് പാകിസ്താനോട് മത്സരിക്കാനാവുമെന്ന് കരുതുന്നില്ല. പാകിസ്താന് ക്രിക്കറ്റ് ടീമില്‍ അത്രത്തോളം മികച്ച പ്രതിഭകളുണ്ട്. അവരോട് മത്സരിക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമിനില്ല. മത്സരിക്കുമ്പോള്‍ പാകിസ്താന്റെ പ്രതിഭ എത്രത്തോളമെന്ന് ആളുകള്‍ക്ക് മനസിലാവും. ഇന്ത്യന്‍ ടീമില്‍ അത്രത്തോളം പ്രതിഭകളില്ല’-അബ്ദുല്‍ റസാഖ് പറഞ്ഞു.ഇതുവരെ ഒരു ലോകകപ്പില്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇന്ത്യ 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ തോല്‍പ്പിച്ചത് പാകിസ്താനെയായിരുന്നു. 2019ലെ ഏകദിന ലോകകപ്പിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചു. അതേ സമയം 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ പാകിസ്താനായിരുന്നു.
ഐസിസി മത്സരങ്ങളില്‍ 17 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയം ഇന്ത്യക്കായിരുന്നു. മൂന്ന് തവണയാണ് പാകിസ്താന് ജയിക്കാനായത്. അവസാന രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ ആറ് വിക്കറ്റിനും 89 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. യുഎഇ പാകിസ്താന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള മൈതാനമാണ്. അതിനാല്‍ത്തന്നെ ഇന്ത്യയെ വിറപ്പിക്കാന്‍ ബാബര്‍ അസാമിനും സംഘത്തിനുമാവുമോയെന്ന് കണ്ടറിയാം.’ഇന്ത്യ ഭേദപ്പെട്ട ടീമാണ്. അത്രമാത്രമെ ഇപ്പോള്‍ ഞാന്‍ പറയൂ.അവര്‍ക്കൊപ്പം മികച്ച ചില താരങ്ങളുമുണ്ട്. എന്നാല്‍ പ്രതിഭ പരിശോധിച്ചാല്‍ ഞങ്ങള്‍ക്ക് ഇമ്രാന് ഖാനുണ്ടായിരുന്നു. ഇന്ത്യക്കുണ്ടായിരുന്നത് കപില്‍ ദേവാണ്. എന്നാല്‍ രണ്ടുപേരെയും താരതമ്യം ചെയ്താല്‍ ഇമ്രാന് എത്രത്തോളം മികച്ചതാണെന്ന് മനസിലാവും. പിന്നീട് ഞങ്ങള്‍ക്ക് വസിം അക്രം ഉണ്ടായിരുന്നു. അത്രത്തോളം പ്രതിഭയുള്ള താരം ഇന്ത്യന്‍ ടീമിലുണ്ടായിട്ടില്ല.
ജാവേദ് മിയാന്‍ദാദ് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് സുനില്‍ ഗവാസ്കര്‍ ഉണ്ടായിരുന്നു. ഇതില്‍ താരതമ്യം ആവിശ്യമില്ല. ഇന്‍സമാം,യൂസഫ്,യൂനിസ്,ഷാഹിദ് അഫ്രീദി എന്നിവരെല്ലാം ഞങ്ങള്‍ക്കുണ്ടായിരുന്നു. അവര്‍ക്ക് ദ്രാവിഡ്,സെവാഗ് തുടങ്ങിയവരുമുണ്ടായിരുന്നു. എന്നാല്‍ ആകെ നോക്കുമ്പോള്‍ ഇന്ത്യയെക്കാള്‍ മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ പാകിസ്താനാണ് സാധിച്ചത്. പാകിസ്താന്റെ ഈ പ്രതിഭ അറിയുന്നതിനാലാണ് ഇന്ത്യ പരമ്പരക്ക് തയ്യാറാവാത്തത്’-അബ്ദുല്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യ -പാകിസ്താന് മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നിട്ടുണ്ട്. ഇരു ടീമും ഒന്നിനൊന്ന് മികച്ച താരനിരയാണ്. എന്നാല്‍ നിലവിലെ റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയോട് പിടിച്ചുനില്‍ക്കാനുള്ള ശേഷി പാകിസ്താനില്ല. ബാബര്‍ അസാം,മുഹമ്മദ് റിസ്വാന് എന്നിവരെ അമിതമായി ആശ്രയിച്ചാണ് പാകിസ്താന്റെ ലോകകപ്പിലേക്കുള്ള വരവ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യതന്നെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജയിക്കും.