കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സന് മാവുങ്കലിന് സുരക്ഷ നല്‍കിയതില്‍ ഡിജിപി വിശദീകരണം നല്‍കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി. മോന്സന് പോലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകരുതായിരുന്നു എന്നും കോടതി വിമര്‍ശിച്ചു.
സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. പോലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ല ?. ആനക്കൊമ്പ് കണ്ടപ്പോള്‍ പോലീസുകാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല ?. ഇതേക്കുറിച്ച് പോലീസിന് ഒരു സംശയവും തോന്നിയില്ലേ? എന്നും കോടതി ചോദിച്ചു.
വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ വ്യാജമെന്ന് തെളിഞ്ഞു. മോന്‍സന്റെ വീടിന് മുന്നില്‍ പോലീസുകാരെ കാണുമ്പോള്‍ സാധാരണ ജനം എന്ത് വിചാരിക്കണം. മോന്സന് വിശ്വാസ്യത നല്കുന്നതല്ലേ പോലീസിന്റെ നടപടിയെന്നും കോടതി ചോദിച്ചു.
മോന്സന് കേസില്‍ ആരോപണ വിധേയര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. എല്ലാ റാങ്കിലും ഉള്‍പ്പെട്ടവര്‍ ഇതിലുണ്ടെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്താന്‍ കഴിയുമോ എന്ന് ഡിജിപി മറുപടി പറയണം. ഈ മാസം 26 നകം പോലീസ് മേധാവി വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു.