ജീവിതത്തോട് മടുപ്പ് തോന്നുന്നവര്‍ക്കുമെല്ലാം ചെറുതായെങ്കിലും പ്രചോദനം നല്കിയ ഒരു കൊച്ചു ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ സണ്ണി. പുതിയൊരു കാഴ്ചാനുഭവം തന്നെയായിരുന്നു ജയസൂര്യയുടേതായി അടുത്തിടെ പുറത്തിറങ്ങിയ സണ്ണി എന്ന സിനിമ. ഒന്നര മണിക്കൂറിന് മുകളില്‍ നീളുന്ന ചിത്രത്തില്‍ ഒറ്റ കഥാപാത്രം മാത്രമാണ് ഉണ്ടായിരുന്നത്.സണ്ണിയുടെ ഷൂട്ടിങ് സമയത്ത് തനിക്ക് ഏറ്റവും ചലഞ്ചിങ്ങായി തോന്നിയ സന്ദര്‍ഭങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍ നടന് ജയസൂര്യ.
ചിത്രീകരണ സമയത്ത് അതിഥിയുടെ ശബ്ദമായി ഒരു ആര്‍ടിസ്റ്റ് അവിടെ ഉണ്ടായിരുന്നില്ലെന്ന് ജയസൂര്യ പറയുന്നു. അതിഥി, ഇന്നസെന്റ്, അജു, വിജയരാഘവന് അങ്ങനെ എല്ലാവരുടെയും ശബ്ദം ഡബിങ് സമയത്താണ് ചേര്‍ത്തതെന്നും അഭിനയിക്കുന്ന സമയത്ത് അതുവളരെ ചലഞ്ചിങായിരുന്നുവെന്നും ജയസൂര്യ കൂട്ടിച്ചേര്‍ക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് ഇവരുടെയല്ലാം ഡയലോഗുകള്‍ കേട്ടിരുന്നതെന്നും അതുകൊണ്ട് തന്നെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ചലഞ്ചിങ്ങായിരുന്നുവെന്നുമാണ് ജയസൂര്യ പറയുന്നത്. സണ്ണിയുടെ ഡബ്ബിങിന് ശേഷം അതിഥിയായ കഥാപാത്രത്തെ ലിഫ്റ്റില്‍ വെച്ച് കാണുന്ന സംഭവം കണ്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞുപോയിയെന്നും ജയസൂര്യ കൂട്ടിച്ചേര്‍ക്കുന്നു.
അതിഥിയെ ലിഫ്റ്റില്‍ കാണുന്ന രംഗം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ സത്യമായും കണ്ണ് നിറഞ്ഞുപോയി. താന്‍ ആദ്യം വിളിച്ചത് ശ്രിതയെയാണ്. ഉഗ്രന്‍ സീക്വന്‍സായി തോന്നുന്നുവെന്ന് ശ്രിതയോട് പറഞ്ഞു. പലര്‍ക്കും ആ രംഗം വളരെയധികം സ്പര്‍ശിച്ചെന്ന് പറഞ്ഞു കേട്ടു’. ജയസൂര്യ പറയുന്നു.