പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയൻ നായകനായ ‘മ് ( സൗണ്ട് ഓഫ് പെയിൻ ) ‘ എന്ന ചിത്രം സാൻഡിഗോ മൂവി അവാർഡിലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. കവിയും സംവിധായകനുമായ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ “മ് ” ( സൗണ്ട് ഓഫ് പെയിൻ , റിലീസ് ചെയ്ത അന്ന് മുതൽ
നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ആദ്യ മാസത്തിൽത്തന്നെ ചിത്രം മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി.
പാരിസ് ഫിലിം ഫെസ്റ്റിവലിൽ അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൈവരിച്ചു. തുടർന്ന്, ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇടം പിടിയ്ക്കുകയും, നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ‘ ‘ബെസ്റ്റ് ജൂറി അവാർഡ്, ‘ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസ് ‘ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിരിക്കുന്ന ഈ ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് ഇരട്ടിമധുരം ആയിരിക്കുകയാണ് ഇപ്പോൾ ലഭിച്ച സാൻ ഡിയേഗോ മൂവി അവാർഡ്.
കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സിനിമ കൂടിയാണ് ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയനാണ്.
തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ‘മ്..’. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന് ഇത്തരമൊരു ശ്രമം നടത്തിയത് .
പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ‘ സംസ്കൃത ഭാഷയിലുള്ള നമോ , നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങൾ രണ്ടായിരത്തി പത്തൊൻപതിലും ഇരുപതിലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അൻപത്തിയൊന്ന് മണിക്കൂറുകൾകൊണ്ട് വിശ്വഗുരു എന്ന സിനിമ പൂർത്തിയാക്കി തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് അദ്ദേഹത്തിന്റെ പുഴയമ്മ എന്ന ചിത്രത്തിന് 2018 ൽ ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയിൽ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിരുന്നു. ജുബൈർ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.
സോഹൻ റോയ് – വിജീഷ് മണികൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ
നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്ന ആദിവാസി ‘ ( ദി ബ്ലാക്ക് ഡെത്ത് ) എന്നാണ് ചിത്രത്തിന്റെ ചിത്രീകരണവും ഉടൻ ആരംഭിക്കും. കേരളത്തിൻറെ മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ് ഡോ.സോഹൻ റോയ്– വിജീഷ് മണി കൂട്ടുകെട്ടിലൂടെ.വിശപ്പിന്റെ പേരിൽ സംഭവിച്ച ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് “ആദിവാസി “.
ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ
ആയോധന കലക്ക് പ്രധാന്യം നൽകി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലും, ചൈനീസിലുമായ് അടുത്ത വർഷം ആരംഭിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു