കെപിസിസി(KPCC) നിര്‍വാഹക സമിതിയംഗവും വയനാട് ഡിസിസി(DCC) മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന്(P V Balachandran) രാജിവെച്ചു. സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണപ്രത്യാരോപണങ്ങളാണ് പി.വി. ബാലചന്ദ്രന്റെ രാജിയില്‍ കലാശിച്ചത്. ഡിസിസി മുന്‍ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ബാങ്ക് നിയമനത്തിനു ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നായിരുന്നു ബാലചന്ദ്രന്റെ ആരോപണം.
കോൺഗ്രസിൻ്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പരാജയപ്പെട്ടതോടെ അണികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് പി വി ബാലചന്ദ്രൻ്റെ കുറ്റപ്പെടുത്തൽ. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സിപിഎം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രൻ വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതൃത്വവുമായി ബാലചന്ദ്രൻ ചർച്ച നടത്തിയെന്നാണ് സൂചന.
ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ദേശീയതലത്തില്‍ വെല്ലുവിളിയുയരുമ്പോള്‍ പ്രതിരോധമൊരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ല. പിണറായി വിജയൻ മികച്ച നേതാവ്. കോണ്‍ഗ്രസിനു ദിശാബോധം നഷ്ടപ്പെട്ടു.
പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ല. ഭൂരിപക്ഷസമൂഹവും ന്യൂനപക്ഷങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നു. അഴിമതിക്കാരനായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയാണ് വയനാട്ടിൽ കോൺഗ്രസിനെ തകർത്തത്. കോണ്‍ഗ്രസുമായുള്ള 52 വര്‍ഷത്തെ ആത്മബന്ധം അവസാനിപ്പിക്കുന്നുവെന്നും ബാലചന്ദ്രന് പറഞ്ഞു. കെ.സി. റോസക്കുട്ടി, പി.കെ. അനില്‍കുമാര്‍, എം.എസ്. വിശ്വനാഥന് എന്നീ നേതാക്കള്‍ക്കു പിന്നാലെയാണ് വയനാട്ടില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിടുന്നത്.