പി.സുബ്ബയ്യാപിള്ളയെ കുറിച്ച് പ്രമുഖ നിരൂപകൻ എം രാജീവ് കുമാർ എഴുതുന്നു
സ്റ്റാറ്റ്യൂവിനു താഴെ ചിറക്കുളത്തേക്ക് പോകുമ്പോൾ വെള്ളാളപ്പിള്ളമാരുടെ ഒരു ഹാളുണ്ട്. “തായ്നാട് ഹാൾ “അവിടെ പത്തമ്പത് പേർക്കിരുന്ന് സംസാരിക്കാവുന്ന പരിപാടികൾ ഇപ്പോഴും നടന്നു വരുന്നു. സമീപത്തായി ഒരു ബോർഡുണ്ട്. “പി.സുബ്ബയ്യാപിള്ള റോഡ്” ആരുടെ പേരിലുള്ള റോഡാണെങ്കിലും തിരുവനന്തപുരത്തുകാർക്ക് പി. സുബ്ബയ്യാപിള്ള എന്നാൽ ഹാസ്യസാഹിത്യകാരനാണ്. അവസാന കാലം മനോ:ദുഃഖം അനുഭവിച്ച ഒരെഴുത്തുകാരന്റെ സ്മാരകമാണോ ഈ റോഡ്. ?ആണെന്നു തന്നെ ഞാൻ കരുതുന്നു.
കൈതമുക്കിലായിരുന്നു വീടെങ്കിലും ഈ വഴിയിലൂടെ അദ്ദേഹം നടന്നു പോകുന്നത് പല തവണ ഞാൻ കണ്ടിരിക്കുന്നു.കഷണ്ടി കയറിയ തലയും ഷോൾഡറിനു പിന്നിൽ കാലൻകുടയും തൂക്കി, ഒരു കെട്ട് കടലാസ്സ് കൊള്ളത്തക്ക കറുത്ത തുകൽ ബാഗ് കക്ഷത്തിൽ അടക്കി, വീതിക്കരയുള്ള വെള്ള മുണ്ടിന്റെ കോന്തല നുള്ളി ,തല ചരിച്ച് ഓരം പറ്റിയുള്ള നിശബ്ദമായ ഒരു നടപ്പുണ്ട്.
കാണുമ്പോൾ സൗമ്യമായി ചിരിക്കുന്ന സുബ്ബയ്യാപിള്ള. പല്ല് മുപ്പത്തിരണ്ടും ചിരിച്ചിയെങ്കിലുംഎപ്പോഴും വെളിയിൽ കാണാം.
തിരുവനന്തപുരത്തെ ചിരി സദസ്സുകളിൽ എഴുപതുകളിലും എൺപതുകളിലും നിറഞ്ഞ രണ്ട് മുഖങ്ങളാണ് സുകുമാറുംപി.സുബ്ബയ്യാപിള്ളയും. “നർമ്മ കൈരളി ” എന്നൊരു ഹാസ്യക്കമ്പനി തന്നെയുണ്ടായിരുന്നു.പി.സി. സനൽകുമാർ എന്നൊരു സാഹിത്യമിമിക്രി ഐ.എ.എസ്സുകാരനെ ഓർക്കുന്നു. സ്റ്റേജിൽ കയറി സദസ്യരെ കയ്യിലെടുക്കുന്ന ഹാസ്യസാഹിത്യകാരൻ. അദ്ദേഹം ഇന്നില്ല. വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു.
സുകുമാർ തിരുവനന്തപുരത്ത് ഇപ്പോഴില്ല. മരുതംകുഴിയിൽ നിന്ന് താമസം മാറി എറണാകുളത്താണ് സ്ഥിര താമസമായിരിക്കുന്നു. മകളുടെ കൂടെ. വീട്ടിനുമുന്നിലെ റോഡ് സുകുമാരൻ പോറ്റി റോഡ് എന്നുമാക്കി. പി.സുബ്ബയ്യാപിള്ള കാലം ചെയ്തിട്ട് വർഷങ്ങളായി. കൃഷ്ണ പൂജപ്പുരയും സിനിമയിലേക്ക് ചേക്കേറി…… തലസ്ഥാനത്തെ ചിരി വീരന്മാരെ ഇപ്പോൾ കാണാറില്ല.
ഞാനോർക്കുകയായിരുന്നു സുബ്ബയ്യാപിള്ളയെ . ഒടുവൊടുവായപ്പോൾ ചിരി കറുത്തു. ഫലിതം പോയി വിളർച്ചയായി . അതിന് പല കുടുംബ കാര്യങ്ങളുമുണ്ട്. അത് പിന്നെപ്പറയാംവേളൂർ കൃഷ്ണൻ കുട്ടി പോയതിനു ശേഷം നമ്മുടെ ഫലിതം വി.കെ.കെ.രമേഷിലേക്ക് പുതിയ ചാൽ കീറിയിരിക്കുന്നു. ഇതിനിടയിൽ എത്രയോ പേരുകൾ പരാമർശിക്കാനുണ്ട്. എന്നാൽ ഫലിതത്തിന് വേണ്ടി ജീവിച്ച പി.സുബ്ബയ്യാപിള്ളയെ മറക്കുന്നതെങ്ങനെ?
എഴുപതുകളുടെ ഒടുവിൽ തിരുവനന്തപുരത്തു നടന്ന ഒരു കഥയരങ്ങിൽ അദ്ധ്യക്ഷനായി ഇരുന്നു കൊണ്ട് എന്റെ പേരു് എൻ. എന്ന് തെറ്റിച്ച് പറഞ്ഞതും ഞാൻ എണീറ്റ് അദ്ദേഹത്തോട്
കയർത്തതും ഓർക്കുന്നു. ഒടുവിൽ ഞാൻ മറന്നിട്ടും എന്നെക്കാണുമ്പോഴൊക്കെ
ക്ഷമായാചനം നടത്തിയിരുന്ന ആ സാധു മനുഷ്യനെ ഞാൻ മറക്കുന്നതെങ്ങനെ?
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 1924 ജൂൺ 26 ന് ജനനം. പഴനി പിള്ളയുടേയും പൊന്നമ്മാളിന്റേയും മകൻ. തമിഴ് നാട്ടിൽനിന്ന് ഏഴെട്ടു ദൈവങ്ങളുമായി വന്നതാണ്.കൊല്ലത്തായി പിന്നെ താമസം. പത്താം ക്ലാസ്സു വരെ ആവണീശ്വരം ഹൈസ്കൂളിൽ പഠനം. വിദ്യാഭ്യാസകാലത്തുതന്നെ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിച്ചു തള്ളി. വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം എഴുതി മനസ്സിലുറപ്പിക്കാൻ പ്രേരണയേകിയത് ഹെഡ് മാസ്റ്റർ നീലകണ്ഠ അയ്യരായിരുന്നു. അത് പിൽക്കാലത്തെ എഴുത്തിന് പല വിധത്തിൽ തുണയായി.
പഠിക്കുമ്പോൾ തന്നെ പ്രാർഥനാഗീതങ്ങളെഴുതുമായിരുന്നു. എഴുതിക്കഴിഞ്ഞാലുടനെ കൊല്ലത്തെ കുഞ്ഞിരാമശാസ്ത്രികളെ കാണിക്കുമായിരുന്നു. ബലേ ഭേഷ്! എന്ന് പറയും. അതിൽ പിടിച്ചാണ് പിന്നീട് ഹാസ്യത്തിൽ കയറിയത്.എന്നാലും കവിതയെഴുത്തിലായിരുന്നു കമ്പം. “പ്രഭാതം “, ” മലയാള രാജ്യം ” തുടങ്ങിയ പത്രങ്ങളിലെല്ലാം കവിതകൾ അയച്ചു കൊണ്ടിരുന്നു.. ആരും പ്രസിദ്ധപ്പെടുത്തിയില്ല. അപ്പോഴാണ് ഗൗരവക്കാരായ പത്രാധിപന്മാരെ ഒന്ന് ചിരിപ്പിച്ചാലോ എന്ന ആലോചനയിൽ ട്രാക്ക് ഒന്ന് മാറ്റിച്ചവിട്ടിയത്.അങ്ങനെ “കോളേജ് വിദ്യാർഥിനി ” എന്ന ശീർഷകത്തിൽ അക്കാലത്തെ കോളേജ് കുമാരിമാരുടെ വേഷഭൂഷനടയാദി കാര്യങ്ങളെ വാറ്റി രസായനമുണ്ടാക്കി. അത് അക്ഷരങ്ങളിൽ മുക്കി അങ്ങ് അയച്ചു. എഴുതിയ ആളിന്റെ പേരു് നാട്ടുനടപ്പനുസരിച്ച് പി.എസ്. പത്തനാപുരം എന്നങ്ങ് വച്ചു. “പ്രഭാത “ത്തിൽ ഹാസ്യം അച്ചടിച്ചുവന്നപ്പോൾ ശ്വാസം നേരെ വീണു.
ഉടനെ മറ്റേ ലേഖനത്തിന്റെ പിൻതുടർ ച്ചയായി “സ്ത്രീ സ്വാതന്ത്ര്യം ” എന്നൊന്ന് കാച്ചി. “മലയാള രാജ്യ”ത്തിനയച്ചു. അധികം വൈകാതെ അവരും പ്രസിദ്ധപ്പെടുത്തിയപ്പോൾ ആത്മവിശ്വാസമായി. ഹാസ്യത്തിന്റെ ഗോദയിൽ ഇറങ്ങിയപ്പോൾ പി.സുബ്ബയ്യാപിള്ള ആദ്യം ചെയ്തത്. ഇ.വി.കൃഷ്ണപിള്ളയുടെ കൃതികൾ മുഴുവൻ തപ്പിപ്പിടിച്ച് വായിക്കുകയായിരുന്നു.
അതിൽപ്പിന്നെ ചുറ്റുപാടുകളെ വീക്ഷിക്കാൻ തുടങ്ങി. ദൈനം ദിന ജീവിതത്തിൽ നിന്ന് സംഭവങ്ങളെയും വ്യക്തികളേയും അടർത്തി ഫലിതത്തിൽ എണ്ണ ചേർക്കാതെ പൊരിച്ചെടുത്തു. ബർണാഡ് ഷായും പി.ജി. വുഡ് ഹൌസുമായിരുന്നു ഗുരുക്കന്മാർ. വെക്കം മുഹമ്മദ് ബഷീറിനെയും പകർത്താൻ ശ്രമിച്ചിട്ടുണ്ട്.
കവിയാകാനാഗ്രഹിച്ച സുബ്ബയ്യാപിള്ള ചെന്നുപെട്ടതോ ഹാസ്യസാഹിത്യത്തിൽ. പിന്നെ കവിത തഴുതിയിട്ടില്ലനോവൽ, കഥ, നാടകം എന്നിങ്ങനെ വിവിധ ശാഖകളിൽ നാല്പതിലധികമാണ് അദ്ദേഹം എഴുതിക്കൂട്ടിയ കൃതികൾ. അര നൂറ്റാണ്ടുകാലം അദ്ദേഹം ഹാസ്യം എഴുതി.
ആലുവാ യു.സി കോളേജിൽ കുറ്റിപ്പുഴ കൃഷ്ണപിളളയുടെ ശിഷ്യനായിട്ടാണ് പഠിച്ചത്. ആരാധനാപാത്രമായിരുന്നു. കുറ്റിപ്പുഴയുടെ പ്രസംഗം എവിടെയുണ്ടെങ്കിലും പോയി കേക്കും. ലേഖനം എവിടെ വന്നാലും കുത്തിയിരുന്ന് വായിക്കും. കുറ്റിപ്പുഴയുടെ “വിചാരവിപ്ലവം ” സുബ്ബയ്യാപിള്ളയിൽ ആവേശിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നർമ്മം പലപ്പോഴും ഫലം കാണാതെ വന്നത് കുറ്റിപ്പുഴ അകത്ത് കിടന്നതുകൊണ്ടാവും ബി.എ പാസ്സായി നേരെ സെക്രട്ടേറിയറ്റിൽ ജോലിക്ക് കയറി. 1949 ൽ .ധനകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിട്ടാണ് റിട്ടയർ ചെയ്തത്. 1979 ൽ!
മുപ്പത് വർഷം സർക്കാരിനെ സേവിച്ചു. എത്രയെത്ര കഥാപാതങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.മുണ്ടുടുത്തുകൊണ്ട് വന്നിരുന്ന ജോയിന്റ്‌സെക്രട്ടറി സർവ്വീസിനിടയിൽ ആരോടും കയർത്തു സംസാരിച്ചിട്ടില്ല. ശാന്ത സ്വഭാവിയായിരുന്നു.
റിട്ടയർ ചെയ്തതിന്റെ അടുത്ത മാസം “കുങ്കുമം ” വാരികയുടെ പത്രാധിപസമിതിയിൽ ചേർന്നു. വെട്ടർ രാമൻ നായരുടെ “പാക്കനാർ ” എന്ന വിനോദ മാസിക കുങ്കുമം ഏറ്റെടുത്തു നടത്തുന്ന കാലമാണ്. പിന്നീട് പാക്കനാരുടെ എഡിറ്ററായി. അധികകാലം അവിടെ തുടർന്നില്ല.
പിന്നെ ഒരു വിനോദ മാസിക തുടങ്ങി. വലിയ പ്രതീക്ഷയോടെയാണ് “ചിരി വീണ്ടും ചിരി ” തുടങ്ങിയത്. മകനായിരുന്നു ഏറ്റവും വലിയ സഹായി. ആദ്യ ലക്കം ഇരുപതിനായിരം കോപ്പിയടിച്ചു. ഇരുപത്തീരായിരമായി തിരിച്ചു വന്നു. വാശിക്ക് മുന്നേറി. ചുരുക്കത്തിൽ മൂന്നു കൊല്ലത്തോളം! ഫലമോ പത്തനാപുരത്തെ വീടും ഭൂമിയും വിറ്റു കരഞ്ഞില്ല.
ചിരി മാസിക നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെത്തന്നെ രക്ഷാധികാരിയാക്കി. മലയാളത്തിലെ ഹാസ്യത്തിന്റെ തല തൊട്ടപ്പന്മാരെല്ലാം അതിലെഴുതി. ഇരുപതിനായിരം കോപ്പി വരെ ശിവകാശിയിൽ കൊണ്ടുപോയി അടുപ്പിച്ചു. മടങ്ങിവന്നതൊക്കെയും തൂക്കി വിറ്റു ! ഒടുവിൽ ആകെയുള്ള അമ്പാസ ടർകാറും വിറ്റു. പിന്നെ കടം വാങ്ങാൻ തുടങ്ങി.എന്നിട്ടും അക്കാലത്തെ രണ്ടു ലക്ഷം ക. പൊട്ടി കടമായി.സെക്രട്ടേറിയറ്റിലെ നല്ല പെൻഷനും പറ്റി സുഖമായി ഹാസ്യമെഴുതി ചിരിച്ച് രസിച്ച് വീട്ടിലിരിക്കുന്നതിനു പകരം റെഡ്ഡ്യാരാകാൻ പോയാൽ എന്താവും.
1999 ൽ “അമ്പട ഞാനേ ” എന്ന കൃതിക്ക് ഹാസ്യത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് കിട്ടിയെന്നതൊഴിച്ചാൽ യാതൊരംഗീകരും സുബയ്യാപിള്ളക്ക് വേറെ ലഭിച്ചിട്ടില്ല. ഹാസ്യസാഹിത്യകാരൻ എന്ന മുദ്രവീണു പോയാലങ്ങനെയാണ്.
മറ്റ് വിഭാഗങ്ങളിലൊന്നും പെടുത്തുകയില്ല. മലയാറ്റൂർ പറഞ്ഞതുപോലെ ഹാസ്യസാഹിത്യകാരൻ സാഹിത്യത്തിലെ അധ:കൃതനാണ്. അല്ലെങ്കിൽ കുഞ്ചൻ നമ്പ്യാരെ എഴുത്തഛനു മുകളിൽ പ്രതിഷ്ഠിക്കാത്തതെന്ത് ?ഈയിടക്ക് സുരേശൻ പറഞ്ഞതുപോലെ ഒരു സത്യൻ അന്തിക്കാടും ഇന്നസെന്റും മാത്രമേയുള്ളോ ഹാസ്യസാഹിത്യകാരന്മാരായി?
1992 ൽ ഹാസ്യത്തിന് അക്കാഡമി പുരസ്ക്കാരം അക്ബർ കക്കട്ടിലിന് വച്ചു നീട്ടിയപ്പോൾ മുതൽ അരസികന്മാർക്കാൻ ചിരിയുടെ അവാർഡ് നൽകിയിട്ടുള്ളത് .അല്ലെങ്കിൽ ഒ.പി. ജോസഫും പി.പി. ഹമീദും ജിജി തോംസണും ഏത് കോത്താഴത്തെ ഹാസ്യസാഹിത്യകാരന്മാരാണ്. ! ചെമ്മനത്തിനും സുകുമാറിനും സി.ആർ ഓമനക്കുട്ടനും അവാർഡ് കിട്ടിയത് നല്ല കാര്യം. ഞാൻ നോക്കിയിട്ട് ഇന്ന് ജീവിച്ചിരിക്കുന്ന മികച്ച ഹാസ്യസാഹിത്യകാരൻ കൃഷ്ണ പൂജപ്പുരയാണ്. അദ്ദേഹത്തെ സാഹിത്യകാരന്മാരുടെ ശ്രേണിയിൽ പെടുത്തി
ഇതേവരെ കണ്ടിട്ടുമില്ല.
സുബ്ബയ്യാപിള്ളയുടെ കഥകൾ, ചന്ദ്രഹാസം, സ്വയംവരം, ഹാസ്യപുരാണം, എന്തെല്ലാം കഥകൾ … തുടങ്ങി 40 കൃതികളാണ് അദ്ദേഹം എഴുതിത്തള്ളിയത്. പുരാണ കഥാപാത്രങ്ങളെ പുതിയ കാലത്തെ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച “ഹാസ്യപുരാണ ” ത്തിന്റെ കാർട്ടൂൺ രചന കൃതഹസ്തനായ ജി. ഹരിയാണ് നടത്തിയത്.
അവസാനത്തെ ഏതാനും വർഷങ്ങൾ . പി.സുബ്ബയ്യാപിളള നിശ്ശബ്ദനായിരുന്നു. മാസിക നടത്തി കടം കേറിയപ്പോഴാണ് 42 വയസ്സായ മകന്റെ അകാലചരമം. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിൽ ജോലിയായിരുന്നു മകന്.റെയിൽവേ സ്റ്റേഷനിൽ വച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
തുടർന്ന് പി സുബ്ബയ്യാപിള്ളയുടെ ഭാര്യയുടെ വിയോഗവും താങ്ങാനാവാതിരിക്കുമ്പോഴാണ് മരുമകന്റെ വേർപാട്. മൂന്ന് മരണങ്ങളും അടുത്തടുത്ത് തുടർക്കഥപോലെ വന്ന് സുബ്ബയ്യാപിളളയുടെ ചിരിയെ തല്ലിക്കെടുത്തി. പിന്നെ അദ്ദേഹം എഴുതിയിട്ടില്ല.
ഒടുവിൽ കൈതമുക്കിലെ വീട്ടിൽ 2003 സെപ്റ്റംബർ 10 ന് പി.സുബ്ബയ്യാപിള്ള 79-ാം വയസ്സിൽ മരിക്കുമ്പോൾ ഭൗതികശരീരം കാണാൻവന്ന സാഹിത്യകാരൻമാർ വിരലിലെണ്ണാവുന്നവർ മാത്രം. ആരോ പറഞ്ഞു, തമിഴ് നാട്ടിൽ ജനലക്ഷത്തെ ഇളക്കിയ സുബ്രഹ്മണ്യഭാരതി മരിച്ചപ്പോൾ വന്നത് അഞ്ചു പേരല്ലേ ?