തിരുവനന്തപുരം: മോന്സന് മാവുങ്കലിന് കോടികളുടെ തട്ടിപ്പ് നടത്താന്‍ ഒത്താശ ചെയ്ത ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പൊലീസുകാര്‍ക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോസ്ഥര്‍ നടത്തുന്ന അന്വേഷണം നീതിപൂര്‍വകമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ പോലും മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. മോന്സന് അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് എഡി.ജി.പി റിപ്പോര്‍ട്ട് നല്കി രണ്ടേകാല്‍ വര്‍ഷത്തിനു ശേഷമാണ് ഒരു പരാതിയില്‍ അയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസ് തയാറായത്. പുരാവസ്തു സൂക്ഷിക്കണമെങ്കില്‍ രജിസ്ട്രേഷന് വേണമെന്ന നിയമം ലംഘിച്ചയാള്‍ക്ക് കേരള പോലീസാണ് സംരക്ഷണം നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പുരാവസ്തു തട്ടിപ്പിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായം നല്കിയ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മോന്സന് തട്ടിപ്പുകാരനാണെന്ന് 2019 ലാണ് എ.ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയത്. എന്നിട്ടും രണ്ടേകാല്‍ വര്‍ഷം പോലീസ് എന്തു ചെയ്യുകയായിരുന്നു? 2020 ജനുവരിയില്‍ ഇന്റലിജന്‍സ് വിഭാഗം വിശദമായ റിപ്പോര്‍ട്ട് നല്കി. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള മോന്സന് ഡോക്ടര്‍ ചമയുകയാണെന്നും അന്താരാഷ്ട്ര തട്ടിപ്പുകാരനായ ഇയാളുടെ വരുമാന സ്രോതസ് വ്യക്തമല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കോടിക്കണക്കിന് രൂപയുടെ അമൂല്യ പുരാവസ്തു ശേഖരമുണ്ടെന്നു പറഞ്ഞാണ് മോന്‍സന്റെ വീടിന് പോലീസ് സംരക്ഷണം ഒരുക്കിയത്. അതു തന്നെയാണ് അയാളുടെ തട്ടിപ്പിന് വിശ്വാസ്യത നല്കിയതും. മോന്‍സന്റെ വീട്ടില്‍ ദിവസേന നാലു തവണ പട്രോളിങ് നടത്തണമെന്നാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്. അത് ഉറപ്പാക്കാന്‍ ഗേറ്റില്‍ ബീറ്റ് ബുക്കും വച്ചു.
മോന്സന് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞു കൊണ്ട് അയാളുടെ വീട്ടില്‍ പോയ വലിയൊരു വിഭാഗം സംസ്ഥാന പോലീസ് സേനയിലുണ്ട്. എന്നാല്‍ തട്ടിപ്പുകാരനാണെന്ന് അറിയാതെ അയാളുടെ വീട്ടില്‍ പോയി ഫോട്ടോ എടുത്തവരുമുണ്ട്. ഡോക്ടറാണെന്നു കരുതി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോസ്മെറ്റിക് ചികിത്സയ്ക്ക് പോയി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പോകുന്ന പൊതുപ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കും പലര്‍ക്കൊപ്പവും നിന്ന് ഫോട്ടോയെടുക്കേണ്ടിവരും. അതിലാരെങ്കിലും പിന്നീട് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടാല്‍ അവരുമായി ബന്ധമുണ്ടെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?
മോന്‍സനെതിരെ പരാതി നല്കിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കണം. എന്തിനാണ് ഇത്രയും വലിയ തുക അവര്‍ കൊടുത്തത്? പരാതിക്കാരുടെ വിശ്വാസ്യതയില്‍ നടന് ശ്രീനിവാസനും സംശയം ഉന്നയിച്ചിട്ടുണ്ട്. മോന്സന് നേരിട്ടാണ് പണം കൊടുത്തതെന്നും ഒരു രാഷ്ട്രീയക്കാരും ഇടനിലക്കാരായിട്ടില്ലെന്നുമാണ് പരാതിക്കാരന് ഒരു ചാനലിന് ആദ്യം നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞാണ് മാറ്റിപ്പറഞ്ഞത്. ഇതേക്കുറിച്ചും അന്വേഷിക്കണം. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. മോന്‍സനൊപ്പം മുന്മന്ത്രിമാര് ഉള്‍പ്പെടെയുള്ളവര്‍ നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ പ്രതിപക്ഷം ആരോപണം ഉന്നയിക്കൂ. സുധാകരന് എതിരായ ദുരാരോപണത്തിന്റെ മറവില്‍ മോന്‍സന്റെ തട്ടിപ്പിന് കൂട്ടുനിന്ന പോലീസുകാരെ സംരക്ഷിക്കാനുള്ള കൗശലം സര്‍ക്കാര്‍ കാട്ടേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തട്ടിപ്പുകാരനാണെന്നു മനസിലാക്കിയ ശേഷവും മോന്‍സന്റെ വീടിന് സുരക്ഷയൊരുക്കാന്‍ ഡി.ജി.പിയായിരുന്ന ബഹ്റ ഉത്തരവിട്ടെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി തേമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മോന്സന് വ്യാജമായി ഉണ്ടാക്കിയ ചെമ്പോല ശബരിമല പ്രക്ഷോഭകാലത്ത് സര്‍ക്കാരും ദേശാഭിമാനിയും കൈരളിയും ദുരുപയോഗം ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത കൊക്കൂണ്‍ മീറ്റിംഗില്‍ മോന്‍സനും ഇറ്റാലിയന്‍ പൗരത്വമുള്ള യുവതിയും പങ്കെടുത്തത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തട്ടിപ്പുകാരുടെ വിളയാട്ടമാണ് പിണറായി സര്‍ക്കാരിന്റെ കാലമെന്നും പി.ടി തോമസ് പറഞ്ഞു.