കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ആറളം, കൊട്ടിയൂർ വനപരിധികളിൽ കാട്ടാനക്കൊമ്പിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം പെരുകുകയാണ്. കഴിഞ്ഞ ആറ് കൊല്ലത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമായി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒട്ടനവധി ജീവനുകളാണ്.
ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രമായി മാറിയതിനുശേഷം 2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസിയിൽ നിന്നായിരുന്നു കാട്ടാന ആക്രമണത്തിന് തുടക്കം. ആനകൾക്ക് പുറമെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചീര എന്ന ആദിവാസി സ്ത്രീ കൂടി 10 വർഷത്തിനുമുമ്പ് ഫാമിൽ കൊല്ലപ്പെട്ടിരുന്നു. ഫാമിനുപുറത്ത് ഇതേ വനമേഖല പങ്കിടുന്ന കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിലും കാട്ടാന ആക്രമണത്തിൽ അടുത്തകാലത്ത് രണ്ടുപേർ മരിച്ചു. വിളകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. കാട്ടാനകളും കാട്ടുപന്നികളും രാപ്പകലില്ലാതെ വിലസിനടക്കുന്ന മേഖലകളിൽ ചെകുത്താനും കടലിനും ഇടയിൽപെട്ട അവസ്ഥയിലാണ് മലയോര ജനത.വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം വെറും പാഴ് വാക്കാകുന്നതിന്റെ നേർക്കാഴ്ചയാണ് മലയോരവാസികളുടെ കൺമുന്നിൽ.
ഇരിട്ടിക്കടുത്ത ഉളിക്കൽ മട്ടിണിയിലെ പെരിങ്കരി ചെങ്ങഴശ്ശേരിയിൽ ജസ്റ്റിനാണ് ഒടുവിലത്തെ ഇര. കഴിഞ്ഞ മാസം അവസാനം ഭാര്യക്കൊപ്പം ബൈക്കിൽ പള്ളിയിലേക്ക് പോകുംവഴിയാണ് കാട്ടാനക്കൊമ്പിൽ ജസ്റ്റിന്റെ ജീവൻ പൊലിഞ്ഞത്.സാരമായ പരിക്കുകളോടെ ഭാര്യ രക്ഷപ്പെടുകയായിരുന്നു.
സ്വന്തം ഭൂമിയിൽ നിലനിൽപ്പിനുവേണ്ടി പോരാടുകയാണ് മലയോര ജനത. ഇവരുടെ ജീവനോപാധികൾ മാത്രമല്ല ജീവനും ജീവിതവും കൂടിയാണ് കാട്ടാനകൾ അപഹരിക്കുന്നത്.ഈ സ്ഥിതി തുടർന്നു പോയാൽ മലയോര ജനതയുടെ ജീവിതം തീർത്തും ദുരിതപൂർണ്ണമായിരിക്കും.