ദുബായ്: എക്സ്പോ 2020ന് തുടക്കമായതോടെ ദുബൈയിലേക്ക് വിവിധ രാജ്യങ്ങളിൽനിന്ന് വരുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. മേളയുടെ ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച മാത്രം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) 32,000ലധികം എൻട്രി പെർമിറ്റുകളാണ് അനുവദിച്ചതെന്ന് ലെഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.
തൊട്ടടുത്ത ദിവസങ്ങളിലും വൻ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. സന്ദർശകരെ സ്വാഗതം ചെയ്യാൻ ജി.ഡി.ആർ.എഫ്.എ സദാസമയം സജ്ജമാണെന്നും അൽ മർറി പറഞ്ഞു. പ്രതിദിനം ദുബൈ എയർപോർട്ടുകളിലെ പാസ്പോർട്ട് കൺട്രോൾ ഓഫിസർമാർ എൻട്രി, എക്സിറ്റ് പോയൻറുകളിൽ കൈകാര്യം ചെയ്യുന്നത് 85,000ലധികം യാത്രക്കാരെയാണ്. നിലവിൽ ദിവസേന 47,000 ലധികം സഞ്ചാരികൾ ദുബൈയിലേക്ക് എത്തുന്നുണ്ട്.
എക്സ്പോ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ദുബൈ എയർപോർട്ടുകളിലെ അറൈവൽ-ഡിപാർച്ചർ ഭാഗങ്ങളിൽ 122 സ്മാർട്ട് ഗേറ്റുകളിൽ എക്സ്പോ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് മേളയിലേക്ക് എത്തുന്ന സന്ദർശകരുടെ ആദ്യത്തെ പ്രവേശനകവാടമാണ് സ്മാർട്ട് ഗേറ്റുകൾ. എക്സ്പോ എന്താണെന്ന് വിശദീകരിച്ചുകൊടുക്കാൻ പാസ്പോർട്ട് കൺട്രോൾ ഓഫിസർമാരെ പരിശീലിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് സന്ദർശകരുടെ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ കഴിയുന്നരീതിയിൽ പഠിപ്പിച്ചിട്ടുണ്ടെന്നും അഹ്മദ് അൽ മർറി പറഞ്ഞു.