വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങള് ആഗോളതലത്തിൽ പണിമുടക്കി. തിങ്കളാഴ്ച രാത്രിയാണ് ഈ മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവർത്തനരഹിതമായത്. ( whatsapp facebook instagram down )
ഇന്ത്യൻ സമയം രാത്രി 9 മണിയോടെ വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ആക്സസ് ചെയ്യാനാകുന്നില്ലെന്ന് ഉപയോക്താക്കൾ ട്വിറ്റ് ചെയ്തു.
“ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു, കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ അത് പരിഹരിക്കും,” ഫേസ്ബുക്ക് വെബ്സൈറ്റിലെ ഒരു സന്ദേശം പറയുന്നു.
വാട്ട്സ് ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്ക്ടോപ് വേർഷനും പ്രവർത്തനരഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിക്കില്ല.
ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങിലും വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
വെബ് സേവനങ്ങൾ ട്രാക്കുചെയ്യുന്ന downdetector.com എന്ന വെബ്സൈറ്റും ഉപയോക്താക്കളുടെ പരാതികളിൽ കുത്തനെ വർദ്ധനവ് റിപ്പോർട്ട് ചെയ്തു.
ഫേസ്ബുക്കിന് ഇന്ത്യയിൽ 410 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, കൂടാതെ വാട്ട്സ്ആപ്പ് മെസഞ്ചർ 530 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ വിപണിയായി കണക്കാക്കുന്നു. ഇൻസ്റ്റാഗ്രാമിന് ഇന്ത്യയിൽ 210 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.