തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്രമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് ആണ്.
ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച മഞ്ഞ അലര്‍ട്ട് ആണ്.അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേരളമാകെ മേഘവൃതമായ നിലയിലാണെന്നും തിങ്കളാഴ്ച വൈകുന്നേരത്തെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി കാലാവസ്ഥാ നിരീക്ഷകൻ രാജീവ് എരിക്കുളം പറയുന്നു. മലയോരജില്ലകളിൽ ഇടി/മിന്നൽ സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശമുണ്ട്.
കേരളാ കർണാടക തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വടക്കൻ ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കേറുകയും മുക്കം മേഖലയിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തിരുന്നു.