മാലി: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് സമനില(saff cup). ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 26-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തെങ്കിലും 54-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് നിരയ്ക്കെതിരേ 74-ാം മിനിറ്റില്‍ ഇന്ത്യന്‍ സംഘം സമനില വഴങ്ങുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് ഒമ്പത് മിനുറ്റ് പിന്നിട്ടപ്പോള്‍ ബംഗ്ലാദേശ് പത്തുപേരായി ചുരുങ്ങി. ലിസ്റ്റണ്‍ കൊലാക്കോയെ ഫൗള്‍ ചെയ്തതിന് ബിശ്വനാഥ് ഘോഷിനാണ് ചുവപ്പു കാര്‍ഡ് കിട്ടിയത്. എന്നാല്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് കൂടുതല്‍ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ പ്രതിരോധത്തിന് ജോലി കൂടുകയായിരുന്നു. ബംഗ്ലാദേശിന്റെ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ പ്രതിരോധത്തിനായെങ്കിലും 74ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ബംഗ്ലാദേശ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.
യാസിന് അറഫാത്താണ് ബംഗ്ലാദേശിനായി വലകുലുക്കിയത്. മത്സരത്തിലുടനീളം പന്ത് കൈവശം വെക്കുന്നതില്‍ ആധിപത്യം കാണിച്ച ഇന്ത്യയ്ക്ക് ഫിനിഷിങ്ങിലുള്ള പിഴവാണ് തിരിച്ചടിയായത്.
രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ബംഗ്ലാദേശാണ് പട്ടികയില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ നിന്ന് ഒരു പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഒക്ടോബര്‍ ഏഴിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12 തവണ നടന്ന സാഫ് കപ്പ് ഫുട്ബോളില്‍ ഏഴ് തവണയും ജേതാക്കളായത് ഇന്ത്യയായിരുന്നു.