കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ട് ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. കാബൂളിൽ പളളിക്കു മുൻപിലെ ബോംബ് സ്ഫോടനത്തിൽ 5 പേരും ജലാലാബാദ് നഗരത്തിലെ വെടിവയ്പിൽ 4 പേരുമാണു മരിച്ചത്.
താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ പരേതയായ മാതാവിനുവേണ്ടി പ്രാർഥനകൾ നടന്ന കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തിലായിരുന്നു ബോംബ് സ്ഫോടനം നടന്നത്. പള്ളിക്കു പുറത്തുനിന്ന 5 പേരാണു മരിച്ചത്.
കഴിഞ്ഞയാഴ്ചയാണു സബീഹുല്ല മുജാഹിദിന്റെ മാതാവ് അന്തരിച്ചത്. ഇന്നലെത്തെ പ്രാർഥനാച്ചടങ്ങിലേക്ക് സമൂഹമാധ്യമങ്ങളിലൂടെ മുജാഹിദ് എല്ലാവരെയും ക്ഷണിച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജലാലാബാദ് നഗരത്തിൽ അക്രമികൾ നടത്തിയ വെടിവയ്പിലാണു 2 താലിബാൻകാരും നാട്ടുകാരായ 2 പേരും കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരുക്കേറ്റു. അക്രമസംഭവങ്ങൾക്കു പിന്നിൽ താലിബാൻ വിരുദ്ധരായ ഐഎസ് ആണെന്നു സംശയമുണ്ട്.