ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടങ്ങിയെങ്കിലും വില അൽപം കൂടുതലാണെന്ന പരാതി പലർക്കുമുണ്ട്. കൂടുതൽ റേഞ്ചുള്ള ഒരു മോഡൽ സ്വന്തമാക്കണേൽ ഒരു ലക്ഷം അല്ലെങ്കിൽ അതിനു മുകളിൽ മുടക്കേണ്ടി വരും. എന്നാൽ പല സംസ്ഥാനങ്ങളും ഇവികൾക്ക് അകമഴിഞ്ഞ് സബ്‌സിഡികൾ നൽകുന്നുമുണ്ട്.എന്നാൽ കുറഞ്ഞ വിലയിൽ മിടുക്കനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ തേടുന്നവർക്കായി കൊമാകി ഒരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സ്‌കൂട്ടർ എന്ന ഖ്യാതിയോടെയാണ് കൊമാകി XGT-X1(KOMAKI XGT-X1) എന്ന പതിപ്പിനെ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതു ശരിക്കും 2020 ജൂണിൽ പുറത്തിറക്കിയ വാഹനമാണ്.എന്നാൽ ചില പരിഷ്ക്കാരങ്ങളോടെയാണ് ഇത്തവണ കൊമാകി XGT-X1 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ ജെൽ ബാറ്ററി പതിപ്പിനായി 45,000 രൂപ മാത്രമാണ് മുടക്കേണ്ടത്. അതേസമയം ലിഥിയം അയൺ ബാറ്ററി ഉള്ള വേരിയന്റിനായിഏകദേശം 60,000 രൂപയും ചെലവഴിക്കേണ്ടി വരും.
കൊമാകി XGT-X1 മോഡലിന്റെ 25,000 യൂണിറ്റുകൾ ഇതുവരെ വിറ്റതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്‌ട്രിക് സ്കൂട്ടറിന്റെ താങ്ങാനാവുന്ന ഘടകമാണ് വിപണിയിൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും ബ്രാൻഡ് പറയുന്നു. അതേസമയം അതിന്റെ ശൈലിയും പ്രകടന യോഗ്യതയും മികച്ചതാണെന്ന ഘടകവും ഇതിനു അടിവരയിടുന്നുണ്ട്.ഇ-മോഡിൽ കൊമാകി XGT-X1 ഒരു മുഴുവൻ ചാർജിലും 120 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സമന്വയിപ്പിച്ച ബ്രേക്കിംഗ് സിസ്റ്റവും നല്ല വലിപ്പത്തിലുള്ള BIS വീലുകളും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. കൂടാതെ വലിയ സീറ്റിംഗ് രണ്ടുപേർക്ക് സുഖകരമായ യാത്രയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.മാത്രമല്ല ഉയർന്ന അണ്ടർ സീറ്റ് സ്റ്റോറേജും കൊമാകിയുടെ XGT-X1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കൂടുതൽ പ്രായോഗികമാക്കുന്നുണ്ട്. ഐക്യു സിസ്റ്റം എന്ന് വിളിക്കുന്ന ഒരു സാങ്കേതിക സവിശേഷതയും മോഡലിൽ കമ്പനി ഉപയോഗിക്കുന്നുണ്ട്. ഇത് ഡാഷ് ഡിസ്പ്ലേയെ സഹായിക്കുന്നു. മികച്ച മൾട്ടിപ്പിൾ സെൻസറുകൾ ഉപയോഗിച്ച് വയർലെസ് അപ്‌ഡേറ്റ് ചെയ്യാവുന്ന സവിശേഷതകളും വാഹനത്തിലുണ്ട്.
കൂടാതെ പ്രശ്നങ്ങളുണ്ടായാൽ ഇത് സെൽഫ് ഡയഗ്നോസിലൂടെ പരിഹാരവും കണ്ടെത്തും. ഒരു ഇലക്ട്രിക് വാഹനത്തിന് ഏറ്റവും പര്യാപ്‌തമായ മറ്റൊരു ഘടകമാണ് വാറണ്ടി. അതിനാൽ തന്നെ കൊമാകി തങ്ങളുടെ സ്‌കൂട്ടിന്റെ ലിഥിയം അയൺ ബാറ്ററികളിൽ ഒരു വർഷത്തെ സർവീസ് വാറണ്ടി ഉൾപ്പടെ മൊത്തം മൂന്നു വർഷത്തെ വാറണ്ടിയാണ് കമ്പനി നൽകുന്നത്.എന്നാൽ ലീഡ് ആസിഡ് ബാറ്ററിയിൽ ഒരു വർഷത്തെ വാറണ്ടിയാണ് കൊമാകി വാഗ്ദാനം ചെയ്യുന്നത്. കൊമാകി നിരയിലെ ഓരോ വാഹനവും ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി പരിശോധനകൾക്ക് വിധേയമാണെന്ന് കമ്പനി അധികൃതർ പറയുന്നു.മറ്റ് വില കുറഞ്ഞ ഇലക്‌ട്രിക് മോഡലുകളുടെ ഏറ്റവും പ്രധാന പോരായ്‌മയാണ് കുറഞ്ഞ റേഞ്ച്. എന്നാൽ ഇത്രയും വില കുറവിൽ 120 കിലോമീറ്റർ വരെ കൊമാകി വാഗ്ദാനം ചെയ്യുന്നത് വരും ദിവസങ്ങളിൽ വിൽപ്പനയെ ഏറെ സഹായിക്കും.
100 കടന്ന് പെട്രോൾ വില കുതിക്കുമ്പോൾ ഇതര എഞ്ചിൻ വാഹനങ്ങളിലേക്ക് ആളുകൾ മാറി തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ദൈനംദിന യാത്ര മാർഗങ്ങൾക്കായി ഇലക്‌ട്രിക് മോഡലുകളിലേക്കാണ് ഉപഭോക്താക്കൾ ചേക്കേറുന്നത്. കേന്ദ്ര സർക്കാർ ഫെയിം II സബ്‌സിഡികൾ പ്രഖ്യാപിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞതും ആളുകളെ ആകർഷിക്കുന്നുണ്ട്.