മുംബൈ: ഷാരൂഖ് ഖാന്റെ(Shah Rukh Khan) മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായ മയക്കുമരുന്ന് കേസിന് മലയാളി ബന്ധവും. മലയാളിയായ ശ്രേയസ് നായരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ആര്യനും അർബാസ് മർച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നൽകിയതെന്നാണ് കരുതുന്നത്. ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരാണ് എൻ.സി.ബി ചോദ്യം ചെയ്തുവരുന്നത്.
നൂപുർ സതിജ, ഇഷ്മീത് സിങ് ഛദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.