കോട്ടയം: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി (p sathidevi) പറഞ്ഞു. സഹപാഠി കൊലപ്പെടുത്തിയ തലയോലപ്പറമ്പ് കുറുന്തറയിൽ നിതിന മോളുടെ അമ്മ ബിന്ദുവിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പ്രണയപ്പകയുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന പ്രവണതയാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. സഹപാഠിയോട് ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയുണ്ടായി.
വിദ്യാർഥികളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയുണ്ട്. 10- 12 വയസുള്ള കുട്ടികൾ പോലും പ്രണയത്തിലകപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുണ്ട്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് നല്ല ബോധവത്കരണം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ലിംഗനീതിയടക്കമുള്ള വിഷയങ്ങളിൽ മികച്ച ബോധവത്ക്കരണ പരിപാടികൾ കലാലയങ്ങളിൽ സംഘടിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ നടപ്പാക്കണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.