മനാമ: ലുലു ഹൈപ്പർ മാർക്കറ്റിലെ പ്രശസ്തമായ ‘ഡിസ്കവർ അമേരിക്ക വാരാഘോഷ’ത്തിന് ദാന മാളിൽ (Dana mall) തുടക്കമായി. വ്യത്യസ്തമായ അമേരിക്കൻ ഉൽപന്നങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്. ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ യു.എസ് എംബസി ഷർഷെ ദഫേ മാഗി നർദി വാരാഘോഷം ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ഭക്ഷ്യവിഭവങ്ങൾ, ചിൽഡ് ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവ നാലു ദീനാറിന് വാങ്ങുമ്പോൾ 30 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റ് വൗച്ചറിന്റെ രൂപത്തിലാണ് ഡിസ്കൗണ്ട് ലഭിക്കുക. അമേരിക്കൻ ചീസിന്റെ(American cheese) 20ഓളം വകഭേദങ്ങൾ, വൈവിധ്യമാർന്ന അമേരിക്കൻ ബേക്കറി വിഭവങ്ങൾ എന്നിവയുമുണ്ട്.
അമേരിക്കൻ നിർമിത ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഡിസ്പ്ലേയാണ് ഒക്ടോബർ ഏഴുവരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിലെ മറ്റൊരാകർഷണം. പുതിയ അമേരിക്കൻ ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരമായാണ് ഡിസ്കവർ അമേരിക്ക വാരാഘോഷം ഒരുക്കുന്നതെന്ന് മാഗി നർദി പറഞ്ഞു. ബഹ്റൈനും അമേരിക്കയും പങ്കിടുന്ന പ്രത്യേക ബന്ധം അടുത്തറിയാനും ഇത് അവസരമൊരുക്കും. തങ്ങളുടെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് ലുലു. വിസ്മയകരമായ ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതിൽ സംശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്ക ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പുതിയ രുചികൾ അറിയാനുള്ള അവസരമാണ് ഡിസ്കവർ അമേരിക്ക വാരോഘാഷം എന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.