നെറ്റ്ഫ്ലിക്സിനെതിരെ(Netflix) കേസുകൊടുത്ത് ദക്ഷിണ കൊറിയയിലെ പ്രമുഖ ഇൻറർനെറ്റ് സേവനദാതാക്കളായ എസ്.കെ ബ്രോഡ്ബാൻറ്. കൊറിയക്കാർ കൂട്ടത്തോടെ നെറ്റ്ഫ്ലിക്സിലെ ഉള്ളടക്കങ്ങൾ കാണുന്നത് കാരണം നെറ്റ്വർക് ട്രാഫിക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കുള്ള ചിലവ് നെറ്റ്ഫ്ലിക്സ് തന്നെ വഹിക്കണമെന്നുമാണ് ബ്രോഡ്ബാൻറിൻ്റെ വക്താവ് അറിയിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസം മുതൽ പ്രദർശനമാരംഭിച്ച ‘സ്ക്വിഡ് ഗെയിം'(Squid Game) എന്ന കൊറിയൻ വെബ് സീരീസാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. ഈ സീരീസ് റിലീസായതോടെ രാജ്യത്ത് യൂട്യൂബിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റാ ട്രാഫിക് ജനറേറ്ററായി നെറ്റ്ഫ്ലിക്സ് മാറിയിരുന്നു.
ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് ന്യായമായ പ്രതിഫലം നല്‍കണമെന്ന് അടുത്തിടെ സിയോള്‍ കോടതി നിർദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് എസ്.കെ ബ്രോഡ്ബാന്റ് പുതിയ കേസുമായി എത്തുന്നത്. ദക്ഷിണകൊറിയയിലെ ചില നിയമനിര്‍മ്മാതാക്കളും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ പ്രതിഫലം നല്‍കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ആമസോൺ, ആപ്പിൾ, ഫെയ്സ്ബുക്ക് എന്നീ കമ്പനികൾ കൊറിയയിൽ നെറ്റ്വർക്ക് ഉപയോഗ ഫീസ് നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള യൂട്യൂബും നെറ്റ്ഫ്ലിക്സും മാത്രം അത് നൽകുന്നില്ലെന്നും എസ്.കെ ബ്രോഡ്ബാൻഡ് ചൂണ്ടിക്കാട്ടി. അതേസമയം, വലിയ ഹിറ്റായ മാറിയ കൊറിയൻ സീരീസിന് അമേരിക്കയിലും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ആദ്യമായി ഒരു കൊറിയൻ സീരീസിനെ യു.എസിൽ ടോപ് പൊസിഷനിൽ എത്തിക്കുന്നതും ‘സ്ക്വിഡ് ഗെയിം’ആണ്.