കാനം. ഈ ജെയെ കുറിച്ച് പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്ന പംക്തി
1986 ലാണ് സംഭവം. ഞാൻ ആകാശവാണിയിൽ കയറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ഉച്ചക്കു ചലച്ചിത്ര ഗാന പരിപാടിയിൽ ഒരു ഗാനം “തിരയും തീരവും ചുംബിച്ചുറങ്ങി…..”പുതിയ ഒരു കാഷ്വൽ അനൗൻസറാണ് സ്റ്റുഡിയോയിൽ .പാടിയവരുടെ പേരു പറഞ്ഞ ശേഷം ഗാനരചന: കാനം രാജേന്ദ്രൻ!അത് കേട്ട് ആദ്യം ഞാനൊന്ന് സംശയിച്ചു . എനിക്കാണെങ്കിൽ പാട്ടിൽ അത്ര വൈദഗ്ധ്യം പോരാ. ചിലപ്പോൾ കാനവും പന്തളം സുധാകരനെപ്പോലെ പാട്ടെഴുതാൻ പോയിക്കാണുമോ?
അന്നത്തെ കാനം ഇന്നത്തെ കാനമല്ല ! ചിലപ്പോൾ രാഷ്ട്രീയത്തിൽ പണിയില്ലാതെ പാട്ടെഴുതാൻ പോയിക്കാണും എന്ന് വിചാരിച്ചിരിക്കുമ്പോൾഒരു ഫോൺ കോൾ:” കാനം രാജേന്ദ്രൻ ഏത് സിനിമയിലാ പാട്ടെഴുതിയത്.?”ഞാൻ സ്റ്റുഡിയോയിൽ പോയി നോക്കി. അന്ന് സി ഡി അധികം ആയിട്ടില്ല.എൽ പി ജി യിലാണ് പാട്ടുകൾ. എച്ച് എം വി കാരുടെ ഡിസ്ക്കിൽ . “അവൾ വിശ്വസ്തയായിരുന്നു” എന്ന സിനിമയിലെ ഗാനം . രചയിതാവ്: കാനം എന്നു മാത്രമേ കൊടുത്തിട്ടുള്ളൂ. ഞാനും കരുതി കാനം രാജേന്ദ്രൻ പാട്ടെഴുതിക്കാണും. അനൗൺസർ ചോദിച്ചു.”സാറെ പാട്ടെങ്ങനുണ്ടായിരുന്നു. ?””കൊള്ളാം.”അപ്പോഴും എനിക്കറിഞ്ഞു കൂടാ ഈ പാട്ടിന്റെ രചയിതാവിനെ. പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത് കാനം എന്നാൽ കാനം ഇ.ജെ മാത്രമാണെന്ന്. ഫോൺ വിളിച്ചയാൾ സാക്ഷാൽ കാനം ഇ.ജെ. തന്നെ ആയിരുണെന്നും!
തകഴി എന്നാൽ തകഴി ശങ്കരനാരായണനല്ലല്ലോ.എം. ടി. എന്ന് കേട്ടാൽ എം.ടി. സുലേഖയെന്നുമല്ല മനസ്സിലാക്കേണ്ടത്. കാവാലം എന്നു കേട്ടാൽ കാവാലം വിശ്വനാഥക്കുറുപ്പുമല്ല! ഓണക്കൂർ എന്നാൽ ഓണക്കൂർ രാധാകൃഷ്ണനുമല്ല.ഓരോന്നും ഓരോരുത്തർക്ക് അവകാശപ്പെട്ടതാണ്. അവർ നേടിയെടുത്ത ഖ്യാതിയാണത്. കാനം അന്ന് ഒരേ ഒരാളേയുള്ളൂ.
ഇലവുങ്കൽ ജോസഫ് ഫിലിപ്പ് എന്ന കാനം ഇ.ജെ. ഒരു കാലത്ത് ആരായിരുന്നു?
അദ്ദേഹത്തിന്റെ നോവലുകളില്ലാതെ മലയാള മനോരമ ആഴ്ചപ്പതിപ്പിറങ്ങുമായിരുന്നോ? ഇന്നത്തെ കെ.കെ.സുധാകരൻ!അതിനുശേഷം ഞാൻ കോട്ടയത്ത് വച്ച് കാനം ഇ.ജെയെ കണ്ടു. ശബ്ദലേഖനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം 1988 ജൂൺ 13 ന് മരിച്ചപ്പോൾ ഒരു സ്മരണാഞ്ജലി കൊടുക്കാനും
അധികാരികൾ സമ്മതിച്ചില്ല.സാഹിത്യത്തിന്റെ പുറം തിണ്ണയിലല്ലേ നമ്മുടെ ജനപ്രിയ എഴുത്തുകാർക്ക് അന്നൊക്കെ ഇലയിടാറുണ്ടായിരുന്നത്. എങ്കിലും 1988 ജൂൺ ഒടുവിൽ ഒരു ചിത്രീകരണം കാനം ഇ.ജെയെപ്പറ്റി റേഡിയോയിൽ ഞാനെഴുതി കൊടുത്തിരുന്നു.
മലയാള കഥയുടെ ചരിത്രത്തിൽ കാനം ഇ.ജെയ്ക്ക് ഒരു , കസേര നീക്കിയിടാം. എത്ര പേർ വായിച്ചിട്ടുണ്ട്
“കാമുകിയും പട്ടിയും ” എന്ന കാനം എഴുതിയ കഥ. 1958 ലാണ് ആ കഥ എഴുതിയത്.. ഇക്കാലത്ത് പ്രസക്തമായ കഥയാണത്. കാമുകനെ പട്ടിയാക്കുന്ന കാമുകി. പത്ത് കൊല്ലം മുമ്പ് ശ്രീബാല കെ.മേനോന്റെ ഒരു കഥ വായിച്ചതോർക്കുന്നു. കാമുകനെ കഴുത്തിൽ ബൽട്ടിട്ടു നടക്കുന്ന കാമുകിയുടെ കഥ. മാതൃഭൂമി
ആഴ്ചപ്പതിപ്പിലാണ് അത് വന്നത്.
കാനം ഇ.ജെ യുടെ കാമുകിയും കാമുകനെ പട്ടിയെപ്പോലെ കൊണ്ടു നടക്കുന്നു. ശരിയായിപ്പറഞ്ഞാൽ കാമുകിക്കു മുന്നിൽ കാമുകൻ പട്ടിയായിത്തീരുകയാണ്. പ്രണയിക്കുന്നപെണ്ണുങ്ങളുടെ മുന്നിൽ ആണുങ്ങൾ നായ്ക്കോലം കെട്ടാറില്ലേ?എന്തായാലും നോവലുകൾ വേണ്ട കാനത്തിന്റെ കഥകൾ വായിക്കുക തന്നെ വേണം. ആണിനേയും പെണ്ണിനെയും തിരിച്ചറിയാം. യഥാർഥ സ്വഭാവം. പെണ്ണിനെ ഇത്രയും ആദർശവൽക്കരിക്കാനും പുട്ടിയടിച്ച് “നെരോലക്ക് ” പെയിന്റടിക്കാനും കാനത്തെക്കഴിഞ്ഞേ ഇനി നോവലിസ്റ്റുകളുള്ളൂ. അതുകൊണ്ടാണ് ഏത് പ്രായത്തിലുള്ള മലയാള മങ്കമാരും കാനം എന്ന് കേൾക്കുമ്പോൾ പുളകോദ്ഗമകാരിണികളാകുന്നത്.
മുട്ടത്തുവർക്കിയേക്കാൾ എട്ട് വയസ്സിനിളപ്പമാണ് കാനം ഇ ജെയ്ക്ക്. വർക്കിയെക്കാൾ രണ്ടുവർഷം മുൻപേ മരിക്കുകയും ചെയ്തു.മലയാള സാഹിത്യത്തിലെ ജനകീയ വായനയുടെ അമരക്കാരായിരുന്നു ഇവർ രണ്ടു പേരും. രണ്ട് പതിറ്റാണ്ടുകാലം ഹിറ്റ് സിനിമ നിർമ്മിക്കാൻ കുഞ്ചാക്കോക്കും പി.സുബ്രഹ്‌മണ്യത്തിനും മാറി മാറി ഇവരെ രണ്ടുപേരെയും വേണ്ടിയിരുന്നു. അറുപതുകളിലേയും എഴുപതുകളിലേയും കൈയ്യടി വാങ്ങിയ സിനിമകളെല്ലാം ഇവരുടെ ഭാവനയിൽ പൂത്തുലഞ്ഞവയായിരുന്നു.
1926 ജൂൺ 13 നായിരുന്നു ഇലവുങ്കൽ ജോസഫ് ഫിലിപ്പ് കാനത്ത് ജനിച്ചത്. മലയാളം ഹയർ പാസ്സായിട്ട് നാട്ടിൽ അധികം നിന്നില്ല. പട്ടാളത്തിൽ പോയി. തിരിച്ച് വന്ന് CMS മിഷൻ സ്ക്കൂളിൽ അധ്യാപകനായി. മലയാളം പണ്ഡിറ്റ്. കുമ്പളം പൊയ്ക, പുന്നവേലി എന്നിവിടങ്ങളിലെല്ലാം പോയി പഠിപ്പിച്ചു. പിന്നെ മനോരമ ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി എഴുത്തിന്റെ പൊയ്കയിലേക്കൊരിറക്കമായിരുന്നു. ഒരു ചാട്ടം.
1960 ൽ പട്ടം താണുപിള്ള പത്തേക്കറും പത്തുരൂപയും പിടിപ്പിച്ച് ഭക്ഷ്യക്ഷാമം നേരിടാൻ മദ്ധ്യതിരുവിതാംകൂറിൽ നിന്ന് കർഷകരെ ഹൈറേഞ്ചിലേക്കിറക്കിയ കാലം . ദീപികക്കും മലയാള മനോരമ ആഴ്ചപ്പതിപ്പിനും ശുക്രനും വന്ന്കേറുകയായിരുന്നു.
കുടിയേറ്റ കാലത്ത് വിരലു കുത്തിയാൽ പോലും പൊടിച്ചങ്ങ് പൂക്കും. കന്നിമണ്ണല്ലേ? നാണ്യവിളയങ്ങ് കൊണ്ടു കേറി. ഹൈറേഞ്ചിൽ ചക്രം വന്ന് കുമിഞ്ഞു. വിനോദത്തിന് ഇടം തേടുമ്പോൾ ക്രിസ്ത്യൻ കുടുംബങ്ങളുടെ സാദാ കഥയിലൂടെ പ്രണയമങ്ങ് അരിച്ച് കയറാൻ തുടങ്ങി. കട്ടപ്രണയവും കരച്ചിലുമായി തുടർക്കഥകൾ ദീപികയിലും മനോരമയിലും മത്സരിച്ചു വന്നു. ഓട്ടപ്പന്തയത്തിൽ മനോരമ മുന്നറിക്കൊണ്ടിരുന്നതിന് പ്രധാന കാരണക്കാരൻ കാനം ഇ.ജെ. യായിരുന്നു. 1962 ൽ കാനം ഇ ജെ യുടെ ഹിറ്റ് നോവൽ “ഹൈറേഞ്ച് ” പുറത്തു വന്നു.
പിന്നങ്ങോട്ട് നോവലുകളുടേയും സിനിമയുടേയും പ്രവാഹമായിരുന്നു. പണം വന്ന് കേറാൻ തുടങ്ങിയപ്പോൾ മറ്റവർക്കെന്തിന് നോവലെഴുതി കാശുണ്ടാക്കിക്കൊടുക്കുന്നു എന്ന ചിന്ത കൊണ്ടാവാം
“മലയാള മനോരമ”യിൽ നിന്ന് രാജിവച്ച് 1967 ൽ “മനോരാജ്യം “വാരിക തുടങ്ങി. ടാബ്ളോയ്ഡ് സൈസിലാണ്. പിന്നീടാണ് മാസികാരൂപമായത്. തുടങ്ങി നാല് കൊല്ലം കഴിഞ്ഞപ്പോൾ “കേരള ധ്വനി”യുടെ മുതലാളി ജോർജ് തോമസിന് “മനോരാജ്യം “വിറ്റു.
മനോരമയുടെ ബുദ്ധിയുണ്ടോ കാനത്തിന്! ലളിതവായനയുടെ വാതായനങ്ങൾ തുറന്ന മലയാള മനോരമ, എന്ന് ഹൈറേഞ്ച് ഉണ്ടായോ അന്ന് മുതൽ ഒരു മലയോര നോവലും തുടർച്ചയായി കൊടുത്തു കൊണ്ടിരുന്നു.
കാനം പോയപ്പോൾ ആ സ്ഥാനത്ത് ഹൈറേഞ്ച് നോവലുമായി മാത്യു മറ്റം വന്നു. മാത്യു മറ്റം ഉഴപ്പിയപ്പോൾ ജോയ്സിയെ കൊണ്ട് പേരു മാറ്റിച്ച് ജോസി വാഗമറ്റമാക്കി ഹൈറേഞ്ച് നോവലെഴുതിപ്പിച്ചു. ആരായാലെന്ത് പേരിന്റെയറ്റത്ത് ഒരു മറ്റം വേണം. അത്ര തന്നെ. ഹൈറേഞ്ചുകാർ ഹാപ്പി.
ഹൈറേഞ്ചിലാകെ പൈങ്കിളി പാറി നടന്ന ഒരു കാലമുണ്ടായിരുന്നു. ആ കിളികളെല്ലാം ടി.വി. വന്നപ്പോൾ കൂട്ടത്തോടെ ചിറകടിച്ച് സൂര്യയിലും ഏഷ്യാനെറ്റിലും കയറുകയായിരുന്നു , വിഡ്‌ഡി പ്പെട്ടിക്കകത്ത് കൂടുകൂട്ടി മുട്ടയിട്ട് വിരിയിച്ചു കൊണ്ടിരിക്കുന്നു.എന്ത് പഴിയാണ് ജീവിച്ചിരിക്കുമ്പോൾ കാനവും മുട്ടത്തുവർക്കിയും കേട്ടത്.
ഒന്നാം തരം കഥാകൃത്തായിരുന്നു കാനം. കഥയെ വലിച്ചു നീട്ടി നോവലെഴുതാൻ പോയിട്ടെന്ത് പറ്റി. നിരൂപകലാളന അങ്ങ് പമ്പ കടന്നു. 1969ൽ സി.പി. ശ്രീധരൻ എന്ന നിരൂപകൻ എഴുതിയതിങ്ങനെയാണ്:
“കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കൃതി കാനത്തിന്റേതാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനകം ഏറ്റവുമധികം മലയാളി സ്ത്രീപുരുഷമാരുടെ ശ്രദ്ധക്കും ചർച്ചക്കും പാത്രമായ ഗ്രന്ഥകാരൻ എന്നു വിശേഷിപ്പിക്കാവുന്നത് കാനത്തെയാണ്.നോവലിസ്റ്റിന്റെ അസൂയാവഹമായ സിദ്ധികളെല്ലാം വാരിക്കോരി കൊടുത്തിട്ടുണ്ടെങ്കിലും എല്ലാം ധൂർത്തടിച്ചു കളഞ്ഞില്ലേ?”
കഥകൾ മാത്രം എഴുതി സൂക്ഷിച്ച് ചില നോവലുകൾ മാത്രമെഴുതിയിരുന്നെങ്കിൽ തകഴിക്ക് നേരെ താഴെ നിൽക്കാവുന്ന എഴുത്തുകാരനാകാമായിരുന്നു കാനം ഇ.ജെ. എന്നൊരു കൂട്ടം നിരൂപകരും പറയുന്നുണ്ട്.ഏഴ് കഥാ സമാഹാരങ്ങളാണ് കാനത്തിന്റേതായിട്ടുള്ളത്.:”കാളയും കലപ്പയും “, “കാമുകിയും പട്ടിയും ” , “കൈലേസ് “, ” ഞങ്ങൾ കർഷകരാണ്”, “എഴുതാത്തകാർഡ്” ,”മണവാട്ടിപ്പെണ്ണ് “…മികച്ച പത്തിരുപതു് കഥകൾ ഇതിൽ നിന്ന് അരിച്ചെടുക്കാം.”കലയും ചങ്ങലയും ” “ജവാൻ “, “നീ നിന്റെ അയൽക്കാരനെ സ്നേഹിക്ക”, “രാവും പകലും ” “ഭൂമി സ്വർഗ്ഗമാകുന്നു” “ഭ്രാതാക്കൾ ” “എന്നിട്ടും ഞാൻ നിന്നെ സ്നേഹിക്കുന്നു. ” പകരം ഞങ്ങൾ ചോദിക്കും “….
എന്നിങ്ങനെ നാടകങ്ങൾ. പേരു സൂചിപ്പിക്കുന്നതുപോലെ വിപ്ലവ നാടകങ്ങളുമുണ്ട്. പകരം ചോദിക്കുമെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വായനക്കാർ നെഞ്ചേറ്റിലാളിച്ചിരുന്നെങ്കിലും നാടക നിരൂപകരും ചരിത്രകാരന്മാരും കാനത്തെഏഴയലത്ത്അടുപ്പിച്ചില്ല.
സി.പി. ശ്രീധരൻ 1969ൽ എഴുതി:”ജീവിതത്തിന്റെ നുരകൾ വാരാനല്ലാതെ ചുഴികളിലേക്കിറങ്ങാൻ ഒരു ശ്രദ്ധയും അദ്ദേഹം നടത്തിയില്ല. അനുഭൂതി തീവ്രമായ ജീവിതത്തിലെ പുതിയ പുതിയ നിഗൂഢ മേഖലകളെ അനാവരണം ചെയ്യാനുള്ള യാതൊരു യത്നവും അവിടെയില്ല. “ഭാഷയുടേയും ആഖ്യാനസിദ്ധിയുടേയും ഇന്ദ്രജാലം കൊണ്ട് അത്യുൽപ്പാദനം നടത്തിയ എഴുത്തുകാരനായിട്ടും ചില നിരൂപകർ കാനത്തെ കണക്കാക്കിയിട്ടുണ്ട്.ഒന്നോ രണ്ടോ പ്രമേയങ്ങളെ തിരിച്ചും മറിച്ചും എടുത്തിട്ടിളക്കിയതാണെന്ന ആക്ഷേപവുമുണ്ട്. എന്തായാലും അറുപതുകളിലും എഴുപതുകളിലും മലായാളികളെ വെള്ളിത്തിരയിലും അക്ഷരങ്ങളിലും തളച്ചിട്ട എഴുത്തുകാരനായിരുന്നു കാനം ഇ.ജെ.
ഹൈറേഞ്ച്, മരിക്കാത്ത സുന്ദരി, മരിച്ചിട്ടും മരിക്കാത്തവൾ, പ്രിയതമ , പാനപാത്രം , പുത്രി, പരമാർത്ഥങ്ങൾ, നീ ഭൂമിയുടെ ഉപ്പാകുന്നു, ദത്തുപുത്രൻ, ചിലമ്പൊലി, കോള മലയിലെ പുല്ലാങ്കുഴൽ,കാട്ടുമങ്ക, കാമുകന്റെ കുട്ടി, കടലാസുപൂക്കൾ, കലയും കാമിനിയും, ഇരുട്ടടി, ആ പൂക്കൾ വിടരാതിരിക്കട്ടെ., അമ്മിണി., അദ്ധ്യാപിക,പമ്പാനദി പാഞ്ഞൊഴകുന്നു, ഈ അരയേക്കർ നിന്റേതാണ്
തീരഭൂമിയുടെ ഉപ്പാകുന്നു , ഭർത്താവ്, ഭാര്യ, അദ്ധ്യാപിക, കാട്ടുമരം, ജീവിതം ആരംഭിക്കുന്നു. മരിക്കാത്ത സുന്ദരി…… തുടങ്ങി ഇരുപത്തിയഞ്ചിലധികം നോവലുകൾ.
അവയെല്ലാം പല പേരുകളിലും സിനിമയായിട്ടുണ്ട്. ഹൗസ് ഫുള്ളായി ഓടിയിട്ടു മുണ്ട്.
1964 ൽ ഭർത്താവ്,1967 ൽ ചിത്രമേള,1968 ൽ അദ്ധ്യാപിക,.1968 ൽ തിരിച്ചടി,1969 ൽ ജ്വാല,
1970 ൽ ദത്തുപുത്രൻ,1973 ൽ യാമിനി,1977 ൽ ഹർഷ ബാഷ്പം,1978 ൽ അവൾ വിശ്വസ്തയായിരുന്നു .
1983 ൽ ഹിമവാഹിനി.,ഭാര്യ, കുടുംബിനി , കളിയോടം, പുത്രി, ഭർത്താവ് ,കലയും കാമിനിയും , കാട്ടുമല്ലിക, പ്രിയതമ, നേഴ്സ്, ഏദൻ തോട്ടം, നിലക്കാത്തചലനം, അഷ്ടമംഗല്യം, എന്നിവയുടെ തിരക്കഥ രചിച്ചതും കാനം ഇ.ജെയാണ്.
” മരിക്കാത്ത സുന്ദരി” എന്ന നോവൽ സിനിമയാക്കാൻ നേരം കുഞ്ചാക്കോ പറഞ്ഞു “വേണ്ട ജോസേ പേരൊന്നു മാറ്റിപ്പിടി. മരണമെന്നൊക്കെപ്പറഞ്ഞാ ആളു കേറുകേല. “അങ്ങനെയാണ് സിനിമക്ക് “ജ്വാല “എന്ന പേരിട്ടത്.
“ഭാര്യ ” എന്ന ഹിറ്റ് സിനിമയുടെ കഥ കാനത്തിന്റേതാണെങ്കിലും സംഭാഷണം എഴുതിക്കരയിച്ചത് പൊൻകുന്നം വർക്കിയാണ്. ഹൗസ്ഫുൾ ആയി നാല് മാസം തിയേറ്ററിൽ ഓടി. സണ്ണി കൊലക്കേസ്സ് കാലം കൂടിയായതിനാൽ ആ സിനിമ കത്തിക്കയറി.അന്ന് ത്രിമൂർത്തികളാണ് സിനിമയിൽ! മൂന്നും അച്ചായന്മാർ . മുട്ടത്തെ വർക്കിയും പൊൻകുന്നത്തെ വർക്കിയും പിന്നെ കാനത്തെ ഇ.ജെ.യും. അവരുണ്ടാക്കിയ മനസ്സിന്റെ ഭാവുകത്വമല്ലേ പിന്നെ വന്ന പിള്ളേർ പിൻതുടർന്നത്.
കുഞ്ചാക്കോയുടെ ” പേൾ വ്യൂ “വും സുബ്രഹ്മണ്യത്തിന്റെ “അൾത്താര”യുമൊക്കെ പൊൻകുന്നം വർക്കിയുടെ സിനിമകളായിരുന്നു. വർക്കിക്കമ്പനിയും കാനവും കൂടി മെനഞ്ഞെടുത്ത മനസ്സുമായിട്ടാണ് അറുപതുകളിലേയും എഴുപതുകളിലേയും കാമിനിമാർ പൂ ചൂടി നടന്നിരുന്നത്.എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ചലച്ചിത്രഗാനങ്ങളും കാനം എഴുതിയിരുന്നു.”അവൾ വിശ്വസ്തയായിരുന്നു” എന്ന സിനിമയിലെ “തിരയും തീരവും … ” എന്ന ഗാനം ഓർമ്മയില്ലേ യേശുദാസും വാണി ജയറാമും വെവ്വേറെ പാടിയ ഗാനങ്ങൾ!
“ഹർഷ ബാഷ്പ “ത്തിലെ “വെള്ളി വിളക്കുമെടുത്തു…….””അഷ്ടമംഗല്യ “ത്തിലെ ‘ഉഷസ്സിൽ നീയൊരു തുഷാര ബിന്ദു. മനസ്സിൽ നീയൊരു വികാര സിന്ധു…… “”യാമിനി “യിലെ “പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി……. “” സ്വയംവര കന്യകേ …” ഇത്രയും മതിയല്ലാ ഗാനരചയിതാവെന്ന നിലയിൽ കാനം ഇ.ജെയ്ക്ക് തലമുറകളിലേക്ക് പടരാൻ. ഹൃദയത്തിലേക്ക് അനുരാഗ നദി വകഞ്ഞൊഴുക്കി തരളിതമാക്കാൻ കാനത്തിന് എന്തെന്നില്ലാത്ത പാടവമായിരുന്നു.
കൂടുതൽ എഴുതിപ്പോയാൽ നിരൂപകർ ചരിത്രത്തിലേക്ക് കയറ്റാത്തതിന് ഉത്തമ ഉദാഹരണമാണ് കാനത്തിന്റെ സാഹിത്യ ജീവിതം. മനസ്സിൽ നിന്ന് ചരിത്രത്തിലേക്ക് വരാനെന്താണ് വഴി?ഒന്നും ഒരു മുറിയും നോവലെഴുതിയവർ വരെ നോവൽ ചരിത്രത്തിൽ പള പളാതിള ങ്ങുകയല്ലേ !പുതിയ കാലത്ത് സാഹിത്യം, ജനകീയ സാഹിത്യത്തേയും വാരിപ്പുണരുന്നു. ” പോപ്പുലർ ലിറ്ററേച്ചർ ” പടിഞ്ഞാറൻ നാടുകളിൽ നിന്ന് സാഹിത്യ സിദ്ധാന്തമായി ലോക രാഷ്ട്രങ്ങളിൽ ഇറക്കുമതി ചെയ്യുമ്പോൾ നമ്മുടെ നിരൂപകർ മുട്ടത്ത് വർക്കിയേയും കാനത്തെയുമൊക്കെ നുള്ളിപ്പെറുക്കുകയാണ്.സാംസ്ക്കാരിയ പഠനം ജനാഭിരുചിക്ക് പുറം തിരിഞ്ഞു നിൽക്കരുതെന്ന് സായ്പ് പറഞ്ഞപ്പോഴേ നമ്മുടെ അക്കാഡമിക് പണ്ഡിതന്മാർ മനസ്സിലാക്കിയുള്ളൂ സംഗതി ശരിയാണല്ലോ എന്ന്.
അന്ന് ദൂരെ മാറ്റി വാങ്ങാതെ പോയ പുസ്തങ്ങൾങ്ങൾ ഇനി എങ്ങനെ യൂണിവേഴ്സിറ്റി ലൈബ്രറികൾക്കു കിട്ടും! ഒറ്റപ്പുസ്തകങ്ങളും എങ്ങും കിട്ടാനില്ല. അച്ചടിക്കണം.നമുക്ക് പൈങ്കിളി വേണമെങ്കിലും വേണ്ടന്നേ പറയൂ ! അതിനെ പരിഹസിച്ചു കൊണ്ടിരിക്കും. ചവക്കാനൊരു പല്ലും ചിരിക്കാനൊരു പല്ലുമല്ലേ മലയാളിക്ക്. നോക്കണേ മലയാളിയുടെ ഒരു കാപട്യം!ഇന്ന് കാനം എന്ന് പറഞ്ഞാൽ കാനം രാജേന്ദ്രനല്ലേ ? എന്നേ പുതു തലമുറ ചോദിക്കൂ. പി.ഗോവിന്ദപ്പിള്ള എന്നു പറഞ്ഞാൽ മലയാളത്തിലെ ആദ്യ സാഹിത്യ ചരിത്രമെഴുതിയ സർവ്വാധികാര്യക്കാർ പി.ഗോവിന്ദയെപ്പിള്ളയെ ആരു കാട്ടിത്തരും. ? ഗൂഗുളു പോലും ഒറ്റ ഗോവിന്ദപ്പിള്ള മതിയെന്നല്ലേ പറയുന്നത്!