ലഖ്നൗ: യുപിയിൽ കർഷക പ്രതിഷേധത്തിനിടെ വാഹനം ഇടിച്ചു കയറി എട്ട് പേർ മരിച്ച സംഭവത്തിൽ കർഷകർ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം നടത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചത്.
വാഹനമോടിച്ചെന്ന് കർഷകർ ആരോപിക്കുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആഷിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് രാവിലെ 10 മുതൽ ഒരു മണി വരെ രാജ്യത്തെ എല്ലാ കലക്ടറേറ്റുകളും കർഷകർ ഉപരോധിക്കും. വിഷയത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കർഷകരെ കൊലപ്പെടുത്തിയാലും ഭയന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാരിനെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ.