ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച സംഭവത്തില്‍ മരിച്ച കര്‍ഷകരുടെ എണ്ണം നാലായി. ദല്‍ജീത് സിംഗ്, ഗുര്‍വീന്ദര്‍ സിംഗ്, ലവ്പ്രീത് സിംഗ്, നച്ചത്തേര് സിംഗ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.(farmers death)
എന്നാല്‍ മകന് സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കർഷക സംഘടനകൾ ( farmers organizations) നാളെ രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. നാളെ രാജ്യത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളും ഉപരോധിക്കാനാണ് ആഹ്വാനം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഉപരോധ സമരം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലഖിന്‍ പൂര് ഖരിയിലടക്കം കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സഹമന്ത്രിയുടെ മകന് ഓടിച്ച വാഹനം കര്‍ഷകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മകനൊപ്പമുണ്ടായിരുന്ന ചിലര്‍ വെടിവച്ചതായും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.