കൊച്ചി: ആലുവയിൽ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുമ്പാവൂർ ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റെനീഷിനെയാണ് (40) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷിനെ നേരത്തെ പിടികൂടിയിരുന്നു.
ആഗസ്റ്റ് 19 ന് ആണ് സംഭവം. ആലുവ മാർക്കറ്റിന് സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വർണ്ണപ്പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വർണ്ണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവർ മാനേജരെ സമീപിക്കുകയായിരുന്നു.
തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ മുന്നിലേക്ക് കെ.പി.ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വർണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു.