ന്യൂഡല്‍ഹി: ജമ്മുകാഷ്മീരില്‍ മൂന്നു വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ബങ്കറിനു നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു.
കേര നഗറില്‍ വൈകുന്നേരം അഞ്ചരയോടെ നടന്ന വെടിവയ്പ്പിലാണ് മജീദ് അഹമ്മദ് ഗോജ്രി എന്ന യുവാവ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതോടെ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കി. ശ്രീഗറിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
രാത്രി എട്ടോടെ ബത്മാലുവില്‍ ആക്രമണമുണ്ടായി. മുഹമ്മദ് ഷാഫി ദര് എന്നയാള്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
അനന്ത്നാഗിലെ സിആര്‍പിഎഫ് ബങ്കറിനു നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം 6.50 ന് തെക്കന്‍ കാഷ്മിര്‍ ജില്ലയിലെ കെപി റോഡിലായിരുന്നു സംഭവം. ഗ്രനേഡ് ലക്ഷ്യം തെറ്റി ബങ്കറിനു സമീപമാണ് വീണത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.