പാലാ: പാലായില്‍ വിദ്യാര്‍ഥിനി നിതിനയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി അഭിഷേക് ബൈജുവിനെ പാല സെന്റ് തോമസ് കോളജ് ക്യാംപസിലെത്തിച്ച് തെളിവെടുത്തു. രണ്ടുമണിയോടെ പാലാ ഡിവൈ.എസ്പിയുടെ നേതൃത്തിലുളള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ക്യാംപസില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായ സ്ഥലവും കൊലപാതകം നടന്ന സ്ഥലവും അഭിഷേക് പോലീസിന് കാട്ടിക്കൊടുത്തു. നിതിനയുടെ കഴുത്തില്‍ മുറിവേല്പിച്ച രീതിയും പ്രതി കാണിച്ചുകൊടുത്തു.
വലിയ പോലീസ് സന്നാഹത്തോടെയാണ് അഭിഷേകിനെ കോളേജിലെത്തിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് അഭിഷേക് നിഥിനയെ കഴുത്തറുത്തു കൊന്നത് എങ്ങനെയാണെന്ന് പോലീസിനോട് വിശദീകരിച്ചത്. വൈകിട്ട് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ(Pala St Thomas College) ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25-നായിരുന്നു സംഭവം. വെള്ളിയാഴ്ച അവസാന സെമസ്റ്ററിന്റെ ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞാണ് സംഭവം. 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ.
11 മണിയോടെ അഭിഷേക് പുറത്തിറങ്ങി വഴിയില്‍ നിന്നു. പരീക്ഷ കഴിഞ്ഞ് പുറത്തേക്കു പോവുകയായിരുന്ന നിതിനയുടെ ഫോണ്‍ അഭിഷേക് കൈമാറി. ഇത് നേരത്തേ യുവാവ് പിടിച്ചുവാങ്ങിക്കൊണ്ടുപോയതായിരുന്നു. ഈ ഫോണില്‍ നിതിന അമ്മയോടു സംസാരിക്കവെ അഭിഷേക് നീരസം പ്രകടിപ്പിക്കുകയും കയര്‍ക്കുകയും ചെയ്തു.
വാക്കേറ്റത്തിനൊടുവില്‍ പ്രതി യുവതിയെ കടന്നുപിടിച്ച് തള്ളിയിട്ടു. പെണ്‍കുട്ടിയെ ബലമായി അമര്‍ത്തിപ്പിടിച്ച് തെര്‍മോകോള്‍ മുറിയ്ക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ വലത്തുഭാഗത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവംകണ്ട് ഓടിയെത്തിയ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും കോളേജ് അധികൃതരെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.