അബൂദബി: ഗ്രീഷ്മത്തില്നിന്ന് ശൈത്യത്തിലേക്ക് കടന്ന് രാജ്യം. കനത്ത ചൂടിന് കുറവുണ്ടാവുന്നത് രാജ്യം സാവധാനം തണുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മൂടല്‍ മഞ്ഞ് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാർ ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസങ്ങളും അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബര്‍ പകുതിയോടെ അന്തരീക്ഷ താപനിലയില്‍ വലിയ തോതില്‍ കുറവുണ്ടാകും. ഗ്രീഷ്മകാലത്തില്‍ നിന്ന് ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്ന കാലമാണ് ഒക്ടോബര്‍ എന്നതിനാലാണ് ഇതെന്ന് നാഷനല്‍ സെൻറര്‍ ഓഫ് മെറ്റീരിയോളജി(National Center of Meteorology) അറിയിച്ചു. കാലാവസ്ഥയിലുണ്ടാവുന്ന ഈ മാറ്റം മൂലം രാത്രി വൈകിയും പുലര്‍വേളകളിലും തെക്കുകിഴക്കന്‍ കാറ്റും ഉച്ചക്കുശേഷം വടക്കുപടിഞ്ഞാറന്‍ കാറ്റും വീശും.
സൂര്യോദയത്തിനുമുമ്പുള്ള പ്രഭാതങ്ങളിലും അസ്തമയശേഷവും ഹുമിഡിറ്റി വര്‍ധിക്കും. ഹുമിഡിറ്റി 51 ശതമാനം വരെ എത്തിയേക്കാമെന്നും അര്‍ധരാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് സാധ്യതകള്‍ വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അബൂദബി(Abu Dhabi), അല്‍ ഐന്‍ റോഡ്(Al Ain Road) ഉള്‍പ്പെടെ മേഖലയിലെ പല പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് സാധ്യത വര്‍ധിച്ചിരിക്കുകയാണ്.