കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ കഴുത്തിൽ ആഴത്തിലും വീതിയിലുമുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.