മനാമ: ബഹ്റൈനിലെ ഇസ്രായേൽ എംബസി മനാമയിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും ചേർന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്.തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് യായിർ ലാപിഡ് നന്ദി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് എക്കാലവും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിലെ സഹകരണത്തിന് ഒപ്പുവെച്ച ധാരണപത്രങ്ങൾ ഉഭയകക്ഷി ബന്ധത്തെ സൗഹൃദ ബന്ധമാക്കി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും എംബസികൾ വഴി കൂടുതൽ വിപുലമായ സഹകരണത്തിന് അവസരങ്ങളുള്ളതായി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർക്ക് അദ്ദേഹം ആശംസ നേർന്നു.