കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ഞായറാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകളിൽ ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ഞായറാഴ്ച മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അഞ്ചു ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്.
ഇവരിൽ 50 ശതമാനം ഞായറാഴ്ച മുതൽ നേരിട്ട് ക്ലാസ്മുറികളിലെത്തും. കഴിഞ്ഞയാഴ്ച സ്വകാര്യ സ്കൂളുകൾ തുറന്നപ്പോൾതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സർക്കാർ സ്കൂളുകൾകൂടി തുറക്കുന്നതോടെ ഇത് പാരമ്യതയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
കുട്ടികൾ സ്കൂളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്കുണ്ടാകാനിടയുണ്ടെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. ഇക്കാര്യം മുൻകൂട്ടിക്കണ്ട് യാത്രസമയം ക്രമീകരിക്കണം എന്ന് വാഹന ഉടമകളോടും ഡ്രൈവർമാരോടും അധികൃതർ നിർദേശിച്ചു. പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും പട്രോളിങ് യൂനിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെ തിരക്ക് ഒഴിവാക്കാനുള്ള വിവിധ ക്രമീകരണങ്ങൾ ട്രാഫിക് വിഭാഗം കൈക്കൊണ്ട് വരുകയാണെന്നും അധികൃതർ അറിയിച്ചു.