ഐഫോണ്‍ 13 പ്രോയിലെ ഒരു ഫീച്ചര്‍ കണ്ണിന്റെ പരിശോധനയ്ക്കും ഉപയോഗിക്കാമെന്ന് ഡോക്ടർ ടോമി കോണ്‍ (Tommy Korn). ഈ ഫോണുകളിലെ മാക്രോ ഫോട്ടോഗ്രഫി മോഡാണ് അവയെ കണ്ണു പരിശോധനയ്ക്ക് പ്രയോജനപ്പെടുത്തുന്നത്. കണ്ണുകളുടെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഐഫോണ്‍ 13ലെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാക്രോ ശേഷി പ്രയോജനപ്പെടുത്താമെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയ ഓഫ്തമോളജിസ്റ്റാണ് ഡോ. ടോമി.
ലിങ്ക്ട്ഇന്‍ പ്രൊഫൈലില്‍ ഡോ. ടോമി എഴുതിയ രണ്ടു പോസ്റ്റുകള്‍ ആദ്യം കണ്ടെത്തിയത് 9റ്റു5മാക് ആണ്. ഓണ്‍ലൈനായി രോഗികളെ കാണുമ്പോള്‍ അവരോട് കണ്ണുകളുടെ ചിത്രങ്ങള്‍ മാക്രോ ലെന്‍സ് വഴി പകര്‍ത്തി അയയ്ക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം. ഇതുവഴി തനിക്ക് ഉന്നത നിലവാരമുള്ള മാക്രോ ചിത്രങ്ങള്‍ ലഭിക്കുന്നുവെന്നും അവ വിശകലനം ചെയ്യാന്‍ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു.
കണ്ണുകളില്‍ ദിവസം തോറും വരുന്ന മാറ്റങ്ങള്‍ പോലും മാക്രോ ലെന്‍സ് ഉപയോഗിച്ച് പിടിച്ചെടുക്കാവുന്നതാണ്. അടുത്തിടെ കണ്ണിന്റെ കാചപടലം (cornea) ട്രാന്സ്പ്ലാന്റ്ചെയ്ത രോഗിയുടെ കണ്ണിനു വരുന്ന മാറ്റങ്ങള്‍ വ്യക്തമായി കാണാമെന്നു തെളിയിക്കാനായി ചിത്രങ്ങളും അദ്ദേഹം പോസ്റ്റു ചെയ്തിരുന്നു. ഇതെല്ലാം പരിശോധിക്കാൻ നേരിട്ട് വരേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനു മുൻപും ഡോ. ടോമി രോഗികളെ, പ്രത്യേകിച്ചും പ്രായമായവരുടെ കണ്ണുകള്‍ പരിശോധിക്കാന്‍ ഐഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇതിനായി അദ്ദേഹം ഒരു നിക്കോര്‍ 105എംഎം മാക്രോ ലെന്‍സ് റിഗ് ഉപയോഗിച്ച് ഐഫോണുകളുടെ മുന്നില്‍ ഘടിപ്പിച്ച് സ്ലിറ്റ്ലാംപിന്റെ സഹായത്തോടെയാണ് കണ്ണുകളുടെ ക്ലോസ്-അപ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. എന്നാല്‍, ഐഫോണ്‍ 13 പ്രോ മോഡലുകളുടെ മാക്രോ ഫോട്ടോ ഷൂട്ടിങ് ശേഷി ഉപയോഗിക്കാമെന്നതിനാല്‍ ഇനി ഇത്രമാത്രം വളഞ്ഞ വഴി സ്വീകരിക്കേണ്ടി വരില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടെലിമെഡിസിന്‍ രംഗത്ത് ഇത്തരം മാറ്റങ്ങള്‍ ഗുണകരമാകുമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.